സംസ്ഥാനത്തെ ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്ന പേരും, ലോഗോയും നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നതായും കേന്ദ്രം നല്‍കുന്ന ധനവിഹിതങ്ങള്‍ കേരളത്തിലെ ജനതയുടെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയില്‍ നടന്ന നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നല്‍കാനുള്ള 212 കോടി രൂപ കേന്ദ്രം അനുവദിക്കാത്തത് സംസ്ഥാനം നടത്തിവരുന്ന പദ്ധതികളില്‍ കേന്ദ്രത്തിന്റെ കോ ബ്രാന്‍ഡിംഗ് അനുവദിക്കാത്തതിനാലാണെന്നും, കേരളത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളാണ് കേന്ദ്രം നിഷേധിക്കുന്നതെന്നു ആരോഗ്യ മന്ത്രി വ്യതമാക്കി.
ഇന്ത്യയിലെ 59 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ നിര്‍മിത സിറപ്പുകള്‍ ആഗോളതലത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 1105 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 59 എണ്ണവും ഗുണനിലവാര നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിക്കണം എന്ന കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അധികൃതര്‍ വ്യതമാക്കി.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍ക്കും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. യാത്ര ചെയ്യേണ്ടി വന്നാല്‍ അവിടങ്ങളില്‍ തങ്ങുന്നതിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും നിര്‍ദേശമുണ്ട്. യെല്ലോ കാറ്റഗറിയില്‍ പെടുത്തിയ ഇന്ത്യ, തായ്‌ലന്‍ഡ്, എല്‍സാല്‍വഡോര്‍, ഹോണ്ടുറാസ്, നേപ്പാള്‍, മൊസാംബിക്, സൗത്ത് സുഡാന്‍, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍, എത്യോപ്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും റെഡ് കാറ്റഗറിയില്‍ പെടുത്തിയ സിംബാബ്വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിര്‍ദേശമുള്ളത്.
സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ടൈപ് വണ്‍’ പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ഉറപ്പാക്കണമെന്ന് രാജ്യസഭാ എം.പി എ.എ. റഹീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ‘ടൈപ് വണ്‍’ പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സ ചെലവ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സാരമായി ബാധിക്കുന്നുവെന്നും രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി പൊതുമേഖാ ആശുപത്രികളിലടക്കം കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഇത്തരം കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്ന ‘മിഠായി’ പദ്ധതിയിലൂടെ കേരളം ലോകത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും, രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചികിത്സ ലഭ്യമാക്കണമെന്നും എ.എ. റഹീം എം.പി രാജ്യാഭയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേര്‍ന്ന് ലഡാക്കില്‍ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കോണ്‍ക്ലേവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post