തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിനെ റിമാന്‍ഡ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. ഒ പി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തനിക്കില്ലെന്നാണ് ഡോ. ഷഹ്ന എഴുതിയ കുറിപ്പിലുള്ളത്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു, ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോയെത്തു, താന്‍ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന കുറിച്ചിരുന്നു. ഷഹ്ന എഴുതിയ ആത്മഹത്യാ കുറുപ്പിന്റെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിന്റൈ അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലുള്ള ഡോ. റുവൈസിനെതിരെ കുറ്റം തെളിഞ്ഞാല്‍ റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ത്ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.സി വ്യക്തമാക്കി.
യുവനടി ലക്ഷ്മിക സജീവന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. 27 വയസായിരുന്നു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടിയാണ് ലക്ഷ്മിക. ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്. അറബിക്കടലില്‍ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.
പഠനത്തിനിടെ തന്റെ ക്യാന്‍സര്‍ രോഗം സ്വയം കണ്ടെത്തി യുഎസില്‍ നിന്നുള്ള ഇരുപത്തിയേഴ് വസുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. സാലി റോഷന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ന്യൂജഴ്‌സിയില്‍ ആണ് പഠനം നടത്തുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എങ്ങനെ ഉപയോഗിക്കാമെന്ന പഠനത്തിനിടെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന സത്യം യുവതി മനസിലാക്കിയത്. തൈറോയ്ഡ് സ്‌കാനിംഗ് നടത്തിക്കഴിഞ്ഞപ്പോള്‍ സ്റ്റേജ് 1 പാപ്പില്ലറി തൈറോയ്ഡ് ക്യാന്‍സറാണ് സാലിക്കെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന വിശദപരിശോധനയില്‍ ക്യാന്‍സര്‍ ഉണ്ടെന്നും അത് ലിംഫ് നോഡിലേക്ക് കൂടി പടര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തി. ഇപ്പോള്‍ സാലിയുടെ ആരോഗ്യനില തൃപ്തികരമായാണ് തുടരുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. തനിക്ക് യാതൊരു ക്യാന്‍സര്‍ ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും ഡോക്ടര്‍ പഠനത്തിന് വന്നില്ലായിരുന്നുവെങ്കില്‍ താന്‍ ഈ രോഗം സമയത്തിന് അറിയുകയില്ലായിരുന്നുവെന്നും അത് ജീവന് തന്നെ ഭീഷണിയായി മാറുമായിരുന്നുവെന്നും സാലി പറയുന്നു. എന്തായാലും സാലിയുടെ വ്യത്യസ്തമായ ഈ അനുഭവത്തിന് വലിയ മാധ്യത ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post