ഇന്ത്യൻ നിർമ്മിത 100 ഇനം ചുമമരുന്നുകൾക്ക് നിലവാരമില്ലെന്നും മരണം പോലും സംഭവിക്കാമെന്നും കണ്ടെത്തി ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം. ചിലമരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും തെളിഞ്ഞു. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിനുകൈമാറിയിട്ടുണ്ട്. ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ തുടങ്ങിയരാജ്യങ്ങളിൽ ഇന്ത്യൻ ചുമമരുന്ന് കഴിച്ചതിനെത്തുടർന്ന് കുട്ടികൾ മരിച്ചതായി ആരോപണമുയർന്നിരുന്നു. ഇതുശരിവെക്കുന്ന രീതിയിലാണ് പുതിയ പരിശോധനാഫലം പുറത്ത് വന്നിരിക്കുന്നത്. മരുന്നുകളുടെ നിലവാരം സംബന്ധിച്ച വിഷയം ഔഷധക്കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയുയർന്നതോടെ കർശനമായ ഇടപെടലിന് കേന്ദ്രസർക്കാർ തയ്യാറാവുകയായിരുന്നു. പരിശോധനയെത്തുടർന്ന് ഒന്നരവർഷത്തിനിടെ 144 മരുന്നുത്പാദന യൂണിറ്റുകൾ പൂട്ടി. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വിവിധ കമ്പനികളുടെ കയറ്റുമതിക്കുള്ള 7087 ബാച്ച് ചുമമരുന്നുകൾ പരിശോധിച്ചപ്പോൾ 353 എണ്ണം നിലവാരമില്ലെന്നുതെളിഞ്ഞു. ഒൻപത് ബാച്ച് മരുന്നുകളിൽ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷമരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ രംഗത്തെത്തിയിരുന്നു. ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ എന്നുവിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദേശിച്ചിരുന്നു.
Discussion about this post