ടി ബി ബാധിച്ച് ശ്വാസനാളി മുഴുവനായി ചുരുങ്ങിപ്പോയ മുംബൈ സ്വദേശിയുടെ ശ്വാസനാളി ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കി കൊച്ചി അമൃത ആശുപത്രി. മുംബൈ സ്വദേശിയായ 32 വയസ്സുകാരന്റെ ശ്വാസകോശമാണ് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കിയത്. ശ്വാസനാളി ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്ന യുവാവ് ഈ മാസം 8 നാണ് ചികിത്സയ്ക്കായി മുംബൈയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസ നാളത്തിന്റെ പല ഭാഗങ്ങളിലും ചുരുക്കം സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ കൂടാതെ റിജിഡ് ബ്രോങ്കോസ്‌കോപ്പി ഉപയോഗിച്ച് ഇതിനുള്ള പരിഹാരം കാണുകയായിരുന്നു. റിജിഡ് ബ്രോങ്കോസ്‌കോപി ഉപയോഗിച്ച് 4 സെന്റിമീറ്റർ നീളത്തിലാണ് ശ്വാസനാളത്തിൽ സ്റ്റെൻഡ് ഇട്ടത്. ഇതോടെ യുവാവിന് ശ്വസിക്കാനുള്ള തടസ്സങ്ങളും മാറി. പൂർണമായും ആരോഗ്യം വീണ്ടെടുത്താണ് യുവാവ് കഴിഞ്ഞ ദിവസം മുംബൈയ്ക്ക് മടങ്ങിയത്. ടിബി രോഗം വന്നവരിൽ ഇത്തരത്തിൽ ശ്വാസനാളം ചുരുങ്ങുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി സ്ഥാപിക്കുന്ന സ്റ്റെൻഡ് പിന്നീട് നീക്കം ചെയ്യാവുന്നതാണെന്നും ഡോ.ടിങ്കു ജോസഫ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post