കോഴിക്കോട് മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയില്‍. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 15 പേരെ ആക്രമിച്ച നായയെ കണ്ടെത്തിയത്. നായയുടെ ജഡം പരിശോധനയ്ക്ക് അയച്ചു. മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി ഭാഗങ്ങളിലാണ് നായ അക്രമാസക്തനായത്. ഗുരുതരമായി പരിക്കേറ്റ വിദ്യര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അനക്കമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുഞ്ഞിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മാതാവ് അരിവാള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അരിവാള്‍ രോഗം മൂലമുള്ള പ്രശ്നമാണോ ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചതെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
സംസ്ഥാനത്തു 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. താപനില 3 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണു മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി വരെ കൂടുതലാണിത്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ പറയുന്നു.
ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലെ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് അപകടം. ടാങ്കില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ബ്രോമിന്‍ വാതകമാണ് ചോര്‍ന്നത്. 23 നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ഫാക്ടറിയില്‍ ഉണ്ടായിരുന്ന രണ്ടായിരത്തോളം തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. വാതക ചോര്‍ച്ച നിയന്ത്രണവിധേയമായെന്നും പൊലീസ് വ്യക്തമാക്കി.
ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് ചെന്നൈ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ജീവനൊടുക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്രാസ് മെഡിക്കല്‍ കോളജിലെ അസി. പ്രൊഫസറായ യു.കാര്‍ത്തിയാണ് താമസ സ്ഥലത്ത് ജീവനൊടുക്കിയത്. കാര്‍ത്തി എഴുതിയതെന്നു കരുതുന്ന കത്തും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 19ന് മരണം സംഭവിച്ചിരിക്കാമെന്ന നിരീക്ഷണമാണ് പൊലീസിനുള്ളത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വീട്ടില്‍ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. കൃഷ്ണഗിരി ജില്ലയിലെ പോച്ചാംപള്ളിക്കടുത്തു പുലിയാംപാട്ടിയിലാണു സംഭവം. മദേഷ് എന്ന യുവാവിന്റെ ഭാര്യ 27 കാരിയായ എം.ലോകനായകിയാണു മരിച്ചത്. ഇവരുടെ നവജാതശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പോവാതെ വീട്ടില്‍ വച്ചു പ്രസവം എടുത്തതിനു പിന്നാലെ, അമിതരക്തസ്രാവത്തെ തുടര്‍ന്നു ബോധം നഷ്ടപ്പെട്ട യുവതിയെ ഭര്‍ത്താവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ യുവതിയുടെ മരണത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധനയെന്നും ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു എന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ലാബുകളടക്കം ചെക്ക് പോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post