ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഉത്തരവിനു വിലക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി. രാജ്യത്തു ‘ജനറിക് മരുന്നുകളുടെ’ ഗുണനിലവാര നിയന്ത്രണം കുറവാണെന്നും ഇത്തരം ഉത്തരവുകള്‍ രോഗികളെ അപകടത്തില്‍പ്പെടുത്തുമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ കുറിക്കണമെന്നു നിര്‍ബന്ധമാക്കിയത് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ, 2023 റജിസ്റ്റര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനല്‍ റെഗുലേഷന്‍സിലാണു. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ 30 മുതല്‍ 80 ശതമാനം വരെ വിലക്കുറവ് ജനറിക് മരുന്നുകള്‍ക്കുള്ളതിനാല്‍ പുതിയ ഉത്തരവ് ആരോഗ്യസംരക്ഷണ ചെലവു കുറയ്ക്കുമെന്നായിരുന്നു റെഗുലേറ്ററി ബോഡിയുടെ വാദം.
സംസ്ഥാനത്ത് പലയിടത്തും ചൂട് 40 ഡിഗ്രിയോളം രേഖപ്പെടുത്തി. ആകാശം തെളിഞ്ഞതോടെ യുവി രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം മഴ ലഭിച്ചില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഇടുക്കിയിലാണ് ഈ വര്‍ഷം തീരെക്കുറവ് മഴ രേഖപ്പെടുത്തിയത്. . വയനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 50% ലധികമാണ് മഴക്കുറവ്. സംസ്ഥാനത്ത് ഈ മാസം ഏതാണ്ട് 10% മഴ മാത്രമാണ് കിട്ടിയത്.
കോഴിക്കോട് ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പ് കടിയേറ്റത്. ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഹെല്‍മറ്റ് പരിശോധിക്കവേയാണു പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിക്കെട്ടന്‍ പാമ്പാണ് ഹെല്‍മറ്റില്‍ കയറിക്കൂടിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
കോഴിക്കോട് മുക്കത്തും പരിസര പ്രേദേശങ്ങളിലുമായി 15 ലേറെ പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പേ വിഷ ബാധ കണ്ടെത്തിയത്. 23 നു രാത്രിയിലാണ് അഗസ്ത്യന്‍മൂഴി, മാമ്പറ്റ, കുറ്റിപ്പാല, മണാശ്ശേരി, രാമന്റോഡ് ഭാഗങ്ങളില്‍ പതിനഞ്ചിലേറെ പേരെ നായ കടിച്ചത്. രാത്രി വൈകി നടത്തിയ പരിശോധനയില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post