ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമെന്നു വാക്കാല്‍ പറയുന്നതുകൊണ്ട് നീതി ലഭ്യമാകില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മെഡിക്കല്‍ കോളജിനു മുന്‍പില്‍ ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ സമരം 93 ആം ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു ഉത്തരവുകൊണ്ട് ആരോഗ്യമന്ത്രിക്കു ഞൊടിയിടയില്‍ പരിഹരിക്കാമായിരുന്ന പ്രശ്‌നമാണ് ഒരു വീട്ടമ്മയെ 100 ദിവസത്തോളമായി തെരുവില്‍ നീതിക്കായി അലയേണ്ട അവസ്ഥയിലെത്തിച്ചതെന്നും ഷാജി കുറ്റപ്പെടുത്തി.
പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിനു കടന്നു പോകാനായി ആംബുലന്‍സ് തടഞ്ഞിട്ടതു വിവാദത്തില്‍. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോയ ആംബുലന്‍സാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കടന്നുപോകുന്നതു വരെ റോഡില്‍ തടഞ്ഞിട്ടത്. രോഗിയുടെ ബന്ധുക്കള്‍ വാഹനം കടത്തി വിടണമെന്നു പൊലീസുകാരോട് അപേക്ഷിച്ചു കരയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിഡിയോ ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ലോകത്ത് പലയിടങ്ങളിലും പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. ബിഎ 2.86, ഇജി.5, തുടങ്ങിയ വകഭേദങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വന്‍സിങ്ങിന്റെ വിവരങ്ങള്‍ ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷിക്കണമെന്നും ലോകത്ത് പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്‍ഫ്‌ലുവന്‍സ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.കെ.മിശ്ര നിര്‍ദേശിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇജി.5 അന്‍പതോളം രാജ്യങ്ങളിലും ബിഎ 2.86 നാലു രാജ്യങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ കേരളം മാലിന്യമുക്തമായിരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയെ മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി പറക്കോട് ബ്ലോക്കിനെയും അടൂര്‍ നഗരസഭയെയും മാലിന്യരഹിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post