സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയനായ 2 രൂപ ഡോക്ടർ രൈരു ഗോപാൽ പരിശോധന അവസാനിപ്പിച്ചു. 18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണെന്ന ബോർഡ് ഗേറ്റിൽ തൂക്കിയാണ് അമ്പത് വർഷത്തിലേറെ രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ ലളിതമായി ജോലിയിൽനിന്ന് വിരമിച്ചത്. രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്നും വാങ്ങുക. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയാണ് പരിശോധന. യൗവനകാലത്ത് പുലർച്ച മൂന്ന് മുതൽ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികൾ അദ്ദേഹത്തെ കാണാൻ ദിവസവും എത്തുമായിരുന്നു. വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക. അമ്പതിലേറെ വർഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടർ പരിശോധന നിർത്തുന്നത്.
Discussion about this post