കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം എന്നും ദുരൂഹതകളുടെ ചുരുളഴിയണം എന്നും ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. മകളുടെ മരണത്തിൽ സിബിഐ അന്വേഷണം വേണം എന്നാണു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാരിന്റെ എതിർപ്പുമൂലം തള്ളി. നിയമപ്പോരാട്ടം തുടരും. മകളുടെ കൊലപാതകത്തെ തുടർന്നു സർക്കാർ എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തെങ്കിലും പിന്നീടു പിന്നോട്ടു പോയി. സിബിഐ അന്വേഷണം സർക്കാർ എന്തിനാണ് എതിർക്കുന്നത് എന്നും അവർ പ്രതികരിച്ചു. നിസ്വാർത്ഥമായ സേവനം മനസിലുറപ്പിച്ചാണ് വന്ദന ഡോക്ടറാകാൻ തീരുമാനിച്ചത്. വൈദ്യ പരിശോധനയ്ക്കായി പോലീസുകാർ ജി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും നിഷ്കളങ്കമായ സഹജീവി സ്നേഹത്തോടെ അല്ലാതെ വന്ദനയ്ക്ക് ഇടപെടാൻ കഴിയുമായിരുന്നില്ല. സന്ദീപിന്റെ സ്വഭാവം മാറിയത് പെട്ടെന്നാണ്. പോലീസുകാരും സഹപ്രവർത്തകരും നോക്കിനിൽക്കെ നിസ്സഹയായ വന്ദനയുടെ ശരീരത്തിലേക്ക് കത്രിക കുത്തിയിറക്കി. വന്ദനയുടെ ജീവനു വേണ്ടി കേരളം മനമുരുകി പ്രാർത്ഥിച്ച നിമിഷങ്ങളാണ് പിന്നീട് കണ്ടത്. കാത്തിരിപ്പ് വിഫലമെന്ന വാർത്ത മരവിപ്പോടെയാണ് മലയാളികൾ അന്ന് കേട്ടത്.
Discussion about this post