സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമായതായി ആരോഗ്യമന്ത്രി വീണ ജോർജ്. നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ശേഷമുള്ളവയാണിവ. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഒപി സേവനങ്ങൾ രാവിലെ 9 മണിമുതൽ 6 മണിവരെയാണ്. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ ബോധവത്ക്കരണത്തിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.
Discussion about this post