സംസ്ഥാനത്തത് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം രോഗമുള്ളത് തൃശ്ശൂര്‍ ജില്ലയില്‍. മധ്യവയസ്‌കരിലും മുതിര്‍ന്ന പൗരന്മാരിലും ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ശൈലി ആപ്ലിക്കേഷന്‍’മുഖേന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേപ്രകാരം ജില്ലയില്‍ രക്താതി സമ്മര്‍ദമുള്ളവരുടെ എണ്ണം 1,84,053 ആണ്. തൊട്ടുപിറകില്‍ അയല്‍ ജില്ലയായ മലപ്പുറമാണ്. രക്താതിസമ്മര്‍ദത്തിനു പുറമെ പ്രമേഹവും, അര്‍ബുദ സാധ്യതയുള്ളവരേയും ഈ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 30 മുതല്‍ 60 വയസ്സുവരെ ഉള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും. ആര്‍ദ്രം മിഷനു കീഴില്‍ ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി ആശുപത്രിയില്‍ ജനറ്റിക്സ് വിഭാഗം ആരംഭികുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും, ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ ഒരുക്കിയിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്‌സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്.എം.എ. ക്ലിനിക്ക് ആരംഭിച്ചതും എസ്.എ.ടി.യിലാണ്. ഭാവിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗത്തില്‍ ഡി.എം. കോഴ്‌സ് ആരംഭിക്കാന്‍ ആകുന്നതോടെ ഈ മേഖലയില്‍ നിരവധി വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്. 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ് തുക നല്‍കിയത്. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമാണ് ക്യാഷ് അവാര്‍ഡ് നല്‍കിയതെന്ന് മന്ത്രി ആര്‍ ബിന്ദു കൂട്ടിചേര്‍ത്തു.
കേരളത്തില്‍ കോവിഡ് ടെസ്റ്റിങ് മികച്ചതായതുകൊണ്ടാണ് പോസിറ്റീവ് നിരക്കുകള്‍ കൂടുന്നത് എന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജെഎന്‍.1 വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇത് വ്യക്തമാക്കുന്നത് ഇവിടുത്തെ പരിശോധനാ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നതാണ്. ഇന്ത്യയുടെ പലഭാഗങ്ങളിലും പുതിയ വകഭേദമുണ്ട്. എങ്കിലും കേരളം ആദ്യമായി ഓള്‍ജീനോമിക് സീക്വന്‍സിലൂടെ ജെ.എന്‍.1 വകഭേദത്തെ കണ്ടുപിടിക്കുകയായിരുന്നു. അതും ഡിസംബറിലെ സാമ്പിളിലല്ല മറിച്ച് കോവിഡ് നിരക്ക് ചെറുതായി കൂടുന്നതുകണ്ടപ്പോള്‍ നവംബറില്‍ എടുത്ത സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് സംബന്ധിച്ച പ്രോട്ടോക്കോള്‍ നിലവിലുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജെഎന്‍.1-ന് വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ല. എന്നുകരുതി ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് പിന്നാലെ ഡല്‍ഹിയിലും കോവിഡിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ ജെ.എന്‍ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയര്‍ന്നു. ഇതില്‍ 412 പേരില്‍ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ 3128 പേര്‍ക്കും കര്‍ണാടകത്തില്‍ 344 പേര്‍ക്കും മഹാരാഷ്ട്രയില്‍ 50 പേര്‍ക്കും ഗോവയില്‍ 37 പേര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 109 പേരില്‍ രാജ്യത്ത് ഒമിക്രോണിന്റെ ഉപ വകഭേദമായ ജെ.എന്‍ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തില്‍ 36ഉം കര്‍ണാടകയില്‍ 34ഉം ഗോവയില്‍ 14ഉം മഹാരാഷ്ട്രയില്‍ 9ഉം കേരളത്തില്‍ 6ഉം രാജസ്ഥാനില്‍ 4ഉം തമിഴ്‌നാട്ടില്‍ 4ഉം തെലങ്കാനയില്‍ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡിന് ചികിത്സയിലിരിക്കെ പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയ്കാന്ത് അന്തരിച്ചു. 71 വയസായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post