അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി പറയുന്നു. കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടിയ്‌ക്ക് പോയിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം. ക്രിസ്സ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയിൽ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുംഎന്നും രഞ്ജിനി കുറിച്ചു.
സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കൽ കെയർ. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ക്രിട്ടിക്കൽ കെയർ വിഭാഗം ചെയ്യുന്നത്. ഭാവിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കൽ കെയർ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാൻസ്ഡ് വെന്റിലേറ്റർ മാനേജ്മെന്റ്, ക്രിട്ടിക്കൽ കെയർ രംഗം എന്നിവയിൽ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിയമിക്കുന്നത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ പരിഹരിക്കുന്ന എക്മോ മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ വിഭാഗം യാഥാർത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നു ആരോഗ്യ മന്ത്രി കൂട്ടിചേർത്തു.
അപൂർവ ഗര്ഭധാരണത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ആറുമാസം അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് ജീവിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരാഴ്ച്ചയായി സഹിക്കാൻ കഴിയാത്ത വയറുവേദനയുമായാണ് മഡഗാസ്കറിലെ 37കാരി ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഇവരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. എന്നാൽ 23 ആഴ്ച ഗർഭിണിയാണെങ്കിലും യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന എക്റ്റൊപിക് പ്രഗ്നനസി അഥവാ ഗർഭാശയേതര ഗർഭം എന്ന അവസ്ഥയിലാണ് യുവതി എന്നറിഞ്ഞ മെഡിക്കൽ സംഘം യുവതിയെ ഉടൻ തന്നെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സകൾക്ക് ശേഷം 29-ാം ആഴ്ചയിൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടുമാസത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേസിന്റെ വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു. ആൾക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങൾ ഉള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് അകന്ന് നിൽക്കണം എന്നിവയാണ് വിദഗ്ധർ നിർദേശം നൽകുന്നത്. പുതിയ വകഭേദവും കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളച്. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ല അടിസ്ഥാനത്തിൽ കൊവിഡ് ആശുപത്രികൾ സജ്ജീകരിക്കാനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്.
സർജറി കൂടാതെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തി അമേരിക്കയിൽ നിന്നുള്ള ഗവേഷകസംഘം. ‘അമിനോസയാനിൻ മോളിക്യൂൾസ്’ എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ അതിവേഗം നശിപ്പിക്കുകയെന്നതണ് ഈ പുതിയ കണ്ടെത്തൽ. മുമ്പും തന്മാത്രകളുപയോഗിച്ച് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്ന രീതി ഗവേഷകർ വികസിപ്പിച്ചിട്ടുള്ളതാണ്. ലക്ഷക്കണക്കിന് മടങ്ങ് വേഗതയാണ് പുതിയ രീതിക്കുള്ളതെന്നാണ് ഗവേഷകർ പറയുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ തന്മാത്രകളെ ശക്തിയായി ഇളക്കും. ഈ തന്മാത്രകൾ ക്യാൻസർ കോശങ്ങളെ പിടിച്ച് അവയെ തകർത്ത് മുന്നേറാനും സാധിക്കും. ലാബിലെ പരീക്ഷണത്തിൽ 99 ശതമാനമാണ് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മോളിക്യുലാർ മെഷീൻ സഹായിച്ചത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. വിപ്ലവാത്മകമായ തുടക്കമാണിതെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. ഭാവിയിൽ ക്യാൻസർ ചികിത്സാമേഖലയിൽ വമ്പൻ തരംഗം സൃഷ്ടിക്കാൻ തക്ക സ്ഫോടനാത്മകത ഈ കണ്ടെത്തലിനുണ്ട്. എന്നിരുന്നാലും കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നു ഗവേഷകർ ചൂടികാട്ടുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കയി ഡോക്ടർ ലൈവ് ടി വി സുബ്സ്ക്രിറ് ചെയ്യുക.
Discussion about this post