ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ എന്ന് കുറ്റപത്രം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലാണ് അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ സമർപ്പിച്ചത്. കേസിൽ 60 സാക്ഷികൾ ആണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അന്വേഷണത്തിൽ നിർണായക തെളിവായത് 2017-ൽ നടത്തിയ എംആർഐ സ്‌കാനിങ് ആണെന്നും എസിപി അറിയിച്ചു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്‌സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും എസിപി വ്യക്തമാക്കി.
കർണാടകയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്. ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ജപ്പാനിലെ സയന്റിഫിക് ഇൻസ്റ്റിറ്റിയൂഷനായ റികെനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തിൽ വൈറസ് കുറേകാലം നീണ്ടുനിൽക്കുമ്പോൾ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു. രോഗം ഭേദമായി രണ്ടു മുതൽ മൂന്നു വർഷത്തിനുള്ളിൽ പ്രശ്‌നങ്ങൾ വരാനാണ് സാധ്യത. അതേസമയം പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്‌ട്രോൾ മുതലായ രോഗങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മോശം ഭക്ഷണരീതിയും, വ്യായാമക്കുറവും, അമിതവണ്ണവും സമ്മർദ്ദവും ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുമെന്നു പഠനം പറയുന്നു.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുർദൈർഘ്യം കൂടുന്നതിന് കാരണമാണ്. ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും സംസ്ഥാനം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നത്. ഭാവിയിൽ എം.ഡി. ജറിയാട്രിക്സ് കോഴ്സ് ആരംഭിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ ആശുപത്രികളിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് രോഗികളെ മെഡിസിൻ വിഭാഗമാണ് ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്സ് ചികിത്സ ലഭ്യമാകുന്നത്.
യുകെയിൽ ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിക്കുള്ളിൽ എട്ടുകാലി വലയും കൂടും കണ്ടെത്തി. അധ്യാപികയും കണ്ടൻറ് ക്രിയേറ്ററുമായ ലൂസി വൈൽഡ് എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായത്. യുവതിക്ക് ആഴ്ചകളായി ചെവിക്കുള്ളിൽ അസ്വസ്ഥതയും ചെറിയ വേദനയും ഉണ്ടായിരുന്നു. ദിവസങ്ങൾ കൂടുംതോറും ചെവിക്കുള്ളിൽ വേദനയും കൂടിവന്നു. തുടർന്ന് ഒലിവ് ഓയിൽ ഒഴിച്ചതോടെ എട്ടുകാലി പുറത്തുവന്നു. ചെവിയിൽ നിന്ന് രക്തം വരികയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഇവർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ടുകാലി ചെവിക്കുള്ളിൽ കയറിക്കൂടുക മാത്രമല്ല, അകത്ത് വല നെയ്ത് കെട്ടി താമസമാക്കുകയും കൂടി ചെയ്തതായി കണ്ടെത്തി. എട്ടുകാലി പുറത്തെത്തിയെങ്കിലും ദിവസങ്ങളോളം അത് അകത്ത് ജീവനോടെ കഴിഞ്ഞത്, ചെവിക്കുള്ളിൽ അണുബാധ ഉണ്ടാക്കിയെന്നും യുവതിയുടെ കേൾവിശക്തിയെ ഇത് ബാധിച്ചിട്ടുണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ എങ്ങനെയാണ് ചെവിക്കുള്ളിൽ എട്ടുകാലി കയറിയതെന്ന് തനിക്കറിയില്ലെന്നാണ് ലൂസി പ്രതികരിച്ചത്.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post