വിവാഹം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരച്ചത്. നാല് രാജ്യങ്ങളിലായി 30,000 ദമ്പതികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, എമോറി യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു. നേരെ തിരിച്ചും, ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള സ്ത്രീകളെ വിവാഹം കഴിച്ച പുരുഷന്മാരുടെ അവസ്ഥയും ഇതുതന്നെ. ഇംഗ്ലണ്ടിലെ 47.1% ദമ്പതികളും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 37.9% ഉം ചൈനയില്‍ 20.8% ഉം ഇന്ത്യയില്‍ 19.8% ഉം ഈ അവസ്ഥ നേരിടുന്നുണ്ട്. ദമ്പതികളുടെ രക്തസമ്മര്‍ദ്ദ നില തമ്മിലുള്ള ബന്ധം യുഎസിലും ഇംഗ്ലണ്ടിലും ഉള്ളതിനേക്കാള്‍ ചൈനയിലും ഇന്ത്യയിലും ശക്തമാണെന്ന് പഠനം കണ്ടെത്തി. രാജ്യത്തെ സംസ്‌കാരങ്ങളിലുള്ള വ്യത്യാസമാണ് ഇതിന് കാരമെന്നാണ് പഠനം പറയുന്നത്.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 1 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 2606 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, രാജ്യത്ത് ആകമാനം 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡോ. ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. മിടുക്കനായ വിദ്യാര്‍ഥിയാണ് റുവൈസ്, ഇയാള്‍ എം.ബി.ബി.എസിനും പി.ജി എന്‍ട്രസിനും റാങ്ക് നേടിയിയിട്ടുണ്ട് എന്നും റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസ്സമാകുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.ഇതേതുടര്‍ന്നാണ് റുവൈസിനു കോടതി ജാമ്യം അനുവദിച്ചത്. അതേസമയം റുവൈസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് ജാമ്യം കാരണമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം റുവൈസിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
സാമൂഹികനീതി വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘മന്ദഹാസം’ പദ്ധതി പുനരാരംഭിച്ചു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൃത്രിമ പല്ലു സെറ്റ് സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് ‘മന്ദഹാസം’. ഒന്നോ രണ്ടോ പല്ലുകള്‍ മാത്രം തകരാറുള്ള ആളുകള്‍ക്ക് അപേക്ഷിക്കാനാകില്ല. പൂര്‍ണ പല്ലുസെറ്റാണ് വച്ചുകൊടുക്കുന്നത്. 2016 ല്‍ ആരംഭിച്ച പദ്ധതി കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്നതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ലഭിക്കുന്ന സഹായത്തുക പരമാവധി 10,000 രൂപയാണ്. സാമൂഹിക നീതി വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘സുനീതി’ പോര്‍ട്ടല്‍ വഴി ആവശ്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നവകേരള സദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കുഞ്ഞു ഫാത്തിമക്ക് ഇനി നിവര്‍ന്ന് നടക്കാമെന്നുള്ള സന്തോഷം ഫേസ്ബുക്കില്‍ കുറിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഫാത്തിമക്ക് ജന്മനായുള്ള രോഗാവസ്ഥയായിരുന്നു എപിഫൈസിയല്‍ ഡിസ്പ്ലേസിയ. അതുമൂലം ഫാത്തിമയുടെ നട്ടെല്ലിന്റെ വളവ് ക്രമാതീതമായി ഉയരുന്ന സ്‌കോളിയോസിസ് എന്ന അസുഖം ബാധിച്ചിരുന്നു. അതിനാല്‍ തന്നെ ശ്വാസകോശ സംബന്ധമായതും നാഡീ സംബന്ധമായതുമായ വൈകല്യങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയുമുണ്ടായിരുന്നു. ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസില്‍ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കള്‍ ഈ പ്രശ്നം ഉന്നയിക്കുന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രീയയ്ക്ക് അവസരമൊരുക്കി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞു ഫാത്തിമ സുഖം പ്രാപിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ഡോ. ബി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ, ഡോ. കൃഷ്ണകുമാര്‍, ഡോ. അനന്തു എന്നീ ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരും, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ബാബുരാജിന്റെ നേതൃത്വത്തില്‍ ഡോ. ബിന്ദു, ഡോ. സുനില്‍ കുമാര്‍, ഡോ. സെലീന, ഡോ. അഞ്ജു എന്നിവരും, സ്റ്റാഫ് നേഴ്സുമാരായ സരിത, ദീപ്തി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഓപ്പറേഷന് മുമ്പും ശേഷവുമുള്ള കുഞ്ഞ് ഫാത്തിമയുടെ എക്സ്റേ ചിത്രവും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായ് ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post