വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തില്‍ ഉയര്‍ന്ന കൊവിഡ് നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ അതിവേഗം പടരുന്ന ജെ എന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിര്‍ദേശിച്ചു. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവയും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കോവിഡ് ആക്ടിവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്.
രാവിലത്തെ ഭക്ഷണം എത്രത്തോളം വൈകിയാണോ കഴിക്കുന്നത് അത്രത്തോളം ഹൃദയാരോഗ്യം മോശമാകുമെന്ന് പഠന റിപ്പോര്‍ട്ട്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല, എപ്പോഴൊക്കെ കഴിക്കുന്നു എന്നതും പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ 175,000 പേരുടെ പോഷകാഹാരനിലയും ആരോഗ്യവും വിലയിരുത്തിയാണ് പഠനം നടത്തിയത്. ഒരു വ്യക്തി പ്രാതല്‍ കഴിക്കുന്നത് ഏഴുമണിക്കും മറ്റൊരാള്‍ രാവിലെ പത്തുമണിക്കുമാണെങ്കില്‍ രണ്ടാമത്തെ വ്യക്തിക്ക് ഹൃദ്രോഗസാധ്യത പതിനെട്ടുശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അത്താഴം കഴിക്കുന്നത് വൈകിക്കുന്നവരിലും സമാനസാഹചര്യമാണ് ഉണ്ടാകുക എന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടന്നു. ഭക്ഷണത്തിന്റെ പോഷക നിലവാരത്തിനൊപ്പം കഴിക്കുന്ന സമയത്തിലും കരുതല്‍ വേണമെന്ന് ഗവേഷണം നിര്‍ദ്ദേശിക്കുന്നു.
മദ്യപാനം ആഴ്ചയില്‍ ഒരിക്കലാണെങ്കിലും അളവു ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആഴ്ചയില്‍ ഇടയ്ക്കിടെ മദ്യം കുടിക്കുന്നതിനേക്കാള്‍ കരളിന് ആപത്താണ് ആഴ്ച്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആല്‍ക്കഹോള്‍ മൂലമുള്ള ലിവര്‍ സിറോസിസ് ബാധിക്കുന്നതില്‍ ഒറ്റത്തവണ കൂടുതലായി കഴിക്കുന്ന മദ്യത്തിന്റെ അളവിനും വലിയ പ്രാധ്യാന്യം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. യു.കെ.യില്‍ മദ്യപാനശീലമുള്ള 3,12,599 പേരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അടുത്തിടെ ലോകാരോഗ്യസംഘടനയും മദ്യപാനം സംബന്ധിച്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം കാന്‍സര്‍ സാധ്യത കൂടി വര്‍ധിക്കുന്നുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിചട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post