സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ തുടങ്ങി എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി , ലീഷ്മാനിയ രോഗം, West Nile Filaria, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, ചികുൻ ഗുനിയ അടക്കം ജന്തു ജന്യ രോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ഇതേകുറിച്ച് ശരിയായ അവബോധം നൽകേണ്ടതുണ്ട് എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, പരിസ്ഥിതി ആവാസ വ്യവസ്ഥ നശീകരണം തുടങ്ങിയ കാരണങ്ങൾ മൂലമാണ് ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ കൂടുന്നതെന്നാണ് പഠനം. എന്നാൽ, ജന്തുക്കളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം ഇത്തരം രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. സുഹാസ് പറയുന്നു. പുതുതായി കേരളത്തിൽ റിപ്പോർട്ട്
ചെയ്യപ്പെടുന്ന രോഗങ്ങളിൽ ഭൂരിഭാഗവും ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവക്കായി വളർത്തുക എന്നിവയെല്ലാം രോഗം പകരാനുള്ള കാരണങ്ങളാണ് എന്നും ആരോഗ്യ വിദഗ്തർ അഭിപ്രായപ്പെടുന്നു.
രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മിക്‌സോ വൈറസ് പാറൊട്ടീഡൈറ്റിസ് എ വൈറസ് മൂലം പകരുന്ന മുണ്ടിനീരിന്റെ രോഗവ്യാപനം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന മുണ്ടിനീർ ബാധിച്ചവരിൽ നാലു മുതൽ ആറു ദിവസം വരെ രോഗം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കാൻ സാധ്യത കൂടുതലെങ്കിലും മുതിർവരിലും ഇത് കാണാറുണ്ട്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നത്. പ്രതിരോധ കുത്തിവെപ്പിന്റെ ശക്തി കുറഞ്ഞതും കുട്ടികളിൽ രോഗ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ Seropositivity ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായും പ്രതിരോധകുത്തിവെപ്പ് എടുത്തവരിൽ സംവേദനക്ഷമത കുറയുന്നതായും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
ബയോളജിക്കൽ തെറാപ്പികൾ ഉപയോഗിച്ച് കഠിനമായ ആസ്ത്മ നിയന്ത്രിക്കാമെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ നാല് രാജ്യങ്ങളിലെ 22 സൈറ്റുകളിലാണ് പഠനം നടത്തിയത്. ബയോളജിക് തെറാപ്പി ‘ബെൻറാലിസുമാബ് ‘ ഉപയോഗിക്കുന്ന 92 ശതമാനം രോഗികൾക്കും ശ്വസിക്കുന്ന സ്റ്റിറോയിഡിൻറെ ഡോസ് കുറക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇസിനോഫിൽ എന്നറിയപ്പെടുന്ന കോശങ്ങളുടെ എണ്ണം കുറക്കുന്ന ഒരു ബയോളജിക്കൽ തെറാപ്പിയാണ് ബെൻറാലിസുമാബ്.
മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം. എല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിൽ ക്ഷയരോഗികൾക്കായി നിശ്ചിത ശതമാനം ബെഡുകൾ മാറ്റിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ സംസ്ഥാന തല Task Force യോഗത്തിൽ തീരുമാനമായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള 9 മെഡിക്കൽ കോളേജുകൾക്ക് പുറമെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ടിബി നിർണയ, ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പേശികളും എല്ലുകളുമായി ബന്ധപ്പെട്ട പരുക്കുകൾക്ക് രോഗിയുടെ പുരോഗതി നിർണയിക്കാൻ നൽകുന്ന വ്യായാമങ്ങളുടെ സമയത്തുള്ള പേശികളുടെ പ്രവർത്തനത്തെ പറ്റി നിർണ്ണായകമായ വിവരങ്ങൾ നൽകാൻ കഴിയുന്ന പോർട്ടബിൾ അൾട്രാസൗണ്ട് സംവിധാനം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. അമേരിക്കയിലെ ജോർജ് മേസൻ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ ആണ് കണ്ടുപിടുത്തത്തിന് പിന്നിൽ. രോഗി ചലിക്കുമ്പോൾ തന്നെ പേശികളെ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാർക്ക് രേഖപ്പെടുത്താൻ കഴിയുന്ന ഉപകരണം രോഗിയുടെ ശരീരത്തിൽ തന്നെ ധരിക്കാവുന്നതാണ്. റിഹബിലിറ്റേഷൻ സമയത്ത് ചെയ്യുന്ന വ്യായാമത്തിൽ ലക്ഷ്യം വയ്‌ക്കുന്ന പേശികൾ സജീവമാകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. കായിക താരങ്ങളുടെ ഫിറ്റ്‌നസിനെയും പ്രകടനത്തെയും കുറിച്ച് വിവരങ്ങൾ നൽകാനും പക്ഷാഘാതം വന്ന രോഗികളിലെ ചലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മുതിർന്നവരിലെ ബാലൻസും സ്ഥിരതയും ഉറപ്പാക്കാനുമെല്ലാം ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പരാഗ് ചിട്ട്നീസ് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് tv സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post