നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണോ?, അല്ലെങ്കിൽ ഭാവിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇടയുള്ള വ്യക്തിയാണോ?എങ്കിൽ ഈ വിഡിയോ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമാണെന്ന് നിങ്ങൾക്കറിയാമല്ലോ.
കണക്കുകൾ അനുസരിച്ച് 2021 ഇൽ 1006913 പേർ കേരളത്തിൽ HIV ടെസ്റ്റ് ചെയ്തതിൽ 866 പേരിൽ രോഗം സ്ഥിരീകരിച്ചു. 2023 ഒക്ടോബർ ആയപ്പോഴേക്കും അത് 1042 ആയി. 2019 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം 21459 ട്രാൻസ്ജെൻഡർസ് HIV ടെസ്റ്റ് ചെയ്തതിൽ 29 പേർ പോസിറ്റീവ് ആയി.
അണുബാധരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എച്ച്‌ഐവി നിയന്ത്രണം അണുബാധിതരുടെ ചികിത്സ പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
അപരിചിതരുമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം പണ്ടത്തേതിനെ അപേക്ഷിച്ചു ഇപ്പോൾ കൂടുതലായതിനാൽ കോണ്ടം പോലുള്ള സുരക്ഷിത മാർഗങ്ങൾ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുന്നു. ഇനി അഥവാ അപരിചിതരുമായുള്ള സുരക്ഷിതമല്ലാത്ത ലങ്കിക ബന്ധത്തിൽ ഏർപ്പെടുകയും വൈറസ് വ്യാപനത്തിനുള്ള സംശയം നിങ്ങൾക്ക് ഉണ്ട് എങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 24 മണിക്കൂറിനകം നിങ്ങളുടെ അടുത്തുള്ള ഉഷസ് കേന്ദ്രവുമായി ബന്ധപ്പെട്ട് രോഗബാധ സാധ്യത ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ ആരായുക.
രക്ത പരിശോധനയിലൂടെ മാത്രമേ Hiv ആണുബാധ കണ്ടെത്താൻ സാധിക്കുകയുള്ളൂ. എച്ച്‌ഐവി ക്കെതിരെയുള്ള ആന്റി ബോഡി രക്തത്തിൽ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയിൽ ഈ ആന്റി ബോഡിയുടെ സാന്നിധ്യം കണ്ടെത്തുവാൻ ശരീരത്തിൽ പ്രവേശിച്ചത് മുതൽ മൂന്നുമാസം വരെ സമയം എടുക്കും. ഈ കാലയളവിനെ വിൻഡോ പീരിയഡ് എന്നാണ് പറയുന്നത്. ആദ്യ പരിശോധനയിൽ HIV അണുബാധ ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ 2 ടെസ്റ്റുകളും കൂടി ചെയ്തു നോക്കുകയും ഈ മൂന്ന് പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ ആ വ്യക്തി എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയുള്ളൂ. സംസ്ഥാനത്ത് 15 ഉഷസ് കേന്ദ്രങ്ങൾ വഴി HIV രോഗനിർണയവും ചികിത്സയും സൗജന്യമായി നൽകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്,കണ്ണൂർ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, മാനന്തവാടി ജനറൽ ആശുപത്രി, വയനാട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ്, ഇടുക്കി മെഡിക്കൽ കോളേജ്, എന്നീ 15 കേന്ദ്രങ്ങളിലാണ് ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
എച്ച്‌ഐവി ആൻഡ് എയ്ഡ്‌സ് നിയമം 2017 പ്രകാരം എച്ച്‌ഐവി ബാധിച്ച ഒരാളെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് സ്വകാര്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനൽകുന്നു. എച്ച്‌ഐവി പരിശോധനയോ ഗവേഷണമോ ഓരോ വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുകയില്ലെന്ന് ഈ നിയമം ഉറപ്പുവരുത്തുന്നു.
ഇതുവരെയുള്ള കണക്കനുസരിച്ച് 28057 എച്ച്.ഐ.വി ബാധിതരാണ് ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 16295 രോഗബാധിതരാണ് സർക്കാർ നിയന്ത്രണത്തിലുള്ള ചികിത്സയിലുള്ളത്. HIV നമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ചുമാമാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി നമുക്ക് ഒറ്റക്കെട്ടായി പോരാടാം.
Discussion about this post