IMA യുടെ 98 ആമത് ദേശീയ സമ്മേളനം തരംഗ് ഡിസംബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരം കോവളത്ത് വച്ച് നടക്കും. രാജ്യത്തും, വിദേശത്തും നിന്ന് പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകളും, വൈദ്യശാസ്ത്ര പ്രദർശനവും ഉണ്ടാകും. സമ്മേളനത്തിൽ ഡോ. ആർ.വി. അശോകൻ ഐ.എം.എ. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കും. സമ്മേളനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികൾ, നൂതന പ്രവണതകളെ കുറിച്ച് വിപുലമായ സെമിനാറുകളും മെഡിക്കൽ എക്സിബിഷനും നടക്കും. നിരവധി പുതിയ പ്രബന്ധങ്ങൾ ശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 94004 06881 എന്ന നമ്പറിൽ ബന്ധപ്പെടുക
കോഴിക്കോട് IMHANS ലെ ശിശു വികസന സേവന വിഭാഗം മെഡിക്കൽ, പാര മെഡിക്കൽ പ്രൊഫഷനലുകൾക്കായി ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു. ട്രാൻസ്-ഡിസിപ്ലിനറി ഇന്ററാക്ടീവ് സെഷനുകൾ ഡിസംബർ ഒന്നാം തിയതി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോഴിക്കോട് ഇംഹാൻസ്, ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ സംഘടിപ്പിക്കും. സീനിയർ ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് എബ്രഹാം ട്രെയിനിങ് സെഷനുകൾക്ക് നേതൃത്വം നൽകും. നവംബര് 30 നു മുൻപുള്ള രെജിസ്ട്രേഷൻ ഫീ 1000 രൂപയാണ്. ഡിസംബർ 1 നു സ്പോട് രെജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. സ്പോട് റെജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 9 .30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 9847792924 എന്ന നമ്പറിൽ ബന്ധപെടുക.
ഇന്ത്യയിലെ സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനെക്കുറിച്ച് അവബോധം കുറവാണെന്ന് പഠനം. ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ യൂറിനറി ഇൻഫെക്ഷൻ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനു പിന്നിൽ അവബോധമില്ലായ്മയും സ്റ്റിഗ്മയുമാണെന്നാണ് പഠനം പറയുന്നത്. എസ്.എസ്.ആർ.ജി. ഇന്റർനാഷണൽ ജേർണൽ ഓഫ് മെഡിക്കൽ സയൻസസിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാൽപതുശതമാനത്തിലധികം സ്ത്രീകളിൽ ഇടയ്ക്കിടെ അണുബാധ കണ്ടുവരുന്നുണ്ടെന്നും ഗർഭകാലത്തെ പ്രധാന സങ്കീർണതകളിലൊന്നായി ഇതു കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. യൂറിനറി ഇന്ഫെക്ഷന് മതിയായ ചികിത്സ തേടാൻ സ്ത്രീകൾ മടികാണിക്കാറുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ അന്യൗ ചൗധരി വ്യക്തമാക്കുന്നു. മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ലൈംഗികബന്ധത്തിനു ശേഷം ശുചിത്വം കാക്കാത്തതുമൊക്കെ അണുബാധയിലേക്ക് നയിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ചൈനയിലെ ശ്വാസകോശരോഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോഗ്യസംഘടന. പുതിയതോ അസാധാരണമോ ആയ രോഗാണുവല്ല പുതിയ രോഗവ്യാപനത്തിനുപിന്നിലെന്നും ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാൻ കെർഖോവ് വ്യക്തമാക്കി. അതേസമയം ഒന്നിലധികം രോഗാണുക്കളാകാം രാജ്യത്തുടനീളമുള്ള ശ്വാസകോശരോഗബാധയ്ക്ക് കാരണമെന്ന് ചൈനയിലെ ഹെൽത്ത് കമ്മിഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളേക്കൂടാതെ ഗർഭിണികളും മുതിർന്നവരും കൂടുതൽ കരുതൽ പാലിക്കണമെന്നും വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം. ലോഗോയിൽ ഉണ്ടായിരുന്ന അശോക സ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേർത്തു. കേന്ദ്ര സർക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമർശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാൽ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. കഴിഞ്ഞ വർഷം മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽ ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ഇന്ത്യൻ പാരമ്പര്യം അനുശാസിക്കുന്ന തരത്തിൽ ‘മഹർഷി ചരക് ശപഥ്’ നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാർശയും വിവാദമായിരുന്നു.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post