സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍. ഇന്ത്യയിലെ മുഴുവന്‍ രോഗബാധിതരുടെ കണക്കനുസരിച്ച് കേരളത്തിലെ രോഗവ്യാപനം കുറവാണെങ്കിലും പുറത്തുവന്ന കണക്കുകള്‍, ജനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അടിവരയിടുന്നു. കണക്കുകള്‍ അനുസരിച്ച് 2021 ഇല്‍ കേരളത്തില്‍ HIV പരിശോധനയ്ക്ക് വിധേയരായ 1006913 പേരില്‍ 866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2022ല്‍ 1126 പുതിയ പോസിറ്റീവ് കേസുകളും 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ നടന്ന പരിശോധനകളില്‍ പുതിയ 1042 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2019 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 28057 എച്ച്.ഐ.വി ബാധിതരാണ് ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എച്ച്.ഐ.വി. അണുബാധ തുടച്ചു നീക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച് ഐ വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിചിരിക്കുന്നത്. മണിക്കൂറില്‍ നാലോ അതിലധികമോ കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നു പഠനത്തില്‍ പറയുന്നു. വേഗത്തിലുള്ള നടത്തം, ഇന്‍സുലിന്‍ പ്രതിരോധം, ഉയര്‍ന്ന ശരീരഭാരം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഹൃദയസംബന്ധമായ അപകടസാധ്യതയും കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വേഗത്തില്‍ നടക്കുന്നത് മോശം കൊളസ്‌ട്രോള്‍ ആയ LDL കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിനും സഹായിക്കുമെന്നു പഠനത്തിന് നേതൃത്വം നല്‍കിയ UT Health ഹൂസ്റ്റണിലെ സ്‌പോര്‍ട്‌സ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോണ്‍ ഹിഗ്ഗിന്‍സ് പറയുന്നു.
എരുമേലിയില്‍ ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി ടൗണ്‍, കൊരട്ടി, പേരൂര്‍ത്തോട് എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന 32 സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 3 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ദ്രവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധന നടത്തി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ്. പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്കാണ് നിയമനം. പ്രായ പരിധി 30. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ്ല്‍ ബിരുദം ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. അഭിമുഖം എല്ലാ തിങ്കളാഴ്ചകളിലും ഓണ്‍ലൈന്‍ ആയി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ 18004253939 എന്ന നമ്പറിലും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളര്‍ 91 8802102345 എന്ന നമ്പറില്‍ ബന്ധപെടുക.
ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി ബാധ്യതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്‌ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഡിസംബര്‍ ഒന്നിന് ലോക എഡിസ് ദിനം ആചരിക്കുന്നത്. Let communities Lead എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ഈ വര്‍ഷത്തെ എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്സ്മിയര്‍ പരിശോധന, ഭൂമിയുള്ളവര്‍ക്ക് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികളാണ് എച്ച് ഐ വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post