സംസ്ഥാനത്ത് വീണ്ടും ഹെലികോപ്‌റ്റർ വഴി അവയവമാറ്റം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സർക്കാർ ഹെലികോപ്റ്ററിലാണ് അവയവങ്ങൾ കൊച്ചിയിൽ എത്തിച്ചത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. അതേസമയം, സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും. സെൽവിന്റെ ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
അഥിതി തൊഴിലാളിയുടെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ വിശപ്പടക്കാൻ മുലയൂട്ടിയ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സി. പി ഓ എം എ ആര്യയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ പോലീസ് അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയായിരുന്ന പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മറ്റ് മൂന്ന് കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ നാല് മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത. ഈ സാഹചര്യത്തിൽ വിശന്നു കരഞ്ഞു തളർന്ന 4 മാസക്കാരിയെ കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് മുലയൂട്ടിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. വാർത്തയ്ക്ക് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ആര്യയ്ക്ക്. ഒരു വനിതാ പോലീസിന്റേത് മാതൃസ്നേഹം പ്രശംസിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
അജ്ഞാത ന്യൂമോണിയയെ സംബന്ധിച്ച് ചൈന ഡബ്ല്യുഎച്ച്ഒക്കു വിശദീകരണം നൽകി. കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്നും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്നു പനി വ്യാപിച്ചു എന്നും ആണ് ചൈന ഡബ്ല്യുഎച്ച്ഒക്കു നൽകിയ വിശദീകാരണം. ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കി.
വടക്കൻ ചൈനയിൽ കുട്ടികളിൽ അജ്ഞാത ന്യുമോണിയ രോഗം പടരുന്നതിനെ കുറിച്ച് ചൈനയോട് ലോകാരോഗ്യ സംഘടന നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. അതെ സമയം ചൈനയിലെ അജ്ഞാത ന്യൂമോണിയ പടരുന്ന സാഹചര്യം കണക്കിലെടുത്തു കേരളത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. ചൈനയിൽനിന്ന് അടുത്തിടെ വന്നവരെയും അവരുടെ കുട്ടികളെയും നിരീക്ഷിക്കും. കേരളത്തിൽ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളിലെ വൈറൽ ന്യുമോണിയ ബാധിതരുടെ നിരക്ക് ഉയർന്നിട്ടുണ്ട്. ചികിത്സ തേടുന്നവർക്കു ചൈനയിൽനിന്നു വരുന്നവരുമായി സമ്പർക്കമുണ്ടോ എന്ന് പരിശോധിക്കും എന്നും, പകർച്ചവ്യാധി അവലോകന ഓൺലൈൻ യോഗത്തിൽ സംസാരിക്കവെ ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യസത്തിൽ പകർച്ചപ്പനികല്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയാതായി ഓൺലൈൻ വഴി ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി വിശദീകരിച്ചു.
മിസൂറിയിൽ 63 കാരന്റെ വൻകുടലിന്റെ ഭിത്തിയിൽ ഒരു തകരാറുമില്ലാതെ ഈച്ചയെ കണ്ടെത്തി. മിസൂറി സർവ്വകലാശാലയിലെ ഗ്യാസ്ട്രോഎൻട്രോളജിവിഭാഗം മേധാവി മാത്യു ബെച്ച്റ്റോൾഡാണ് വിചിത്രമായ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 63 കാരൻ. ശേഷം കൊളനോ സ്കോപിക്ക് സ്കാനിംഗ് നടത്തിയപ്പോഴാണ് വൻകുടലിൽ ചത്ത അവസ്ഥയിൽ ഒരു കേടുപാടുമില്ലാതെ ഈച്ചയെ കണ്ടെത്തിയത്. വൻ കുടലിൽ ഇത്തരം അന്യ പദാർത്ഥങ്ങളെ ഒരു കേടുപാടുമില്ലാതെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നാണ് വിദഗ്ധർ പറയുന്നത്. കഴിച്ച ഭക്ഷണങ്ങളിലൊന്നും തന്നെ ഈച്ചയെ കണ്ടതായ ഓർമ്മയില്ലെന്നാണ് 63കാരൻ വിശദമാക്കുന്നത്. അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ കണ്ടെത്തലിനേക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബര് 27, 28 ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ പ്രത്യേകം ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post