ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ചൈന നിയോഗിച്ച ശാസ്ത്രജ്ഞ സംഘമാണ് വൈറസുകളെ കണ്ടെത്തിയത്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പടരുകയാണെങ്കില്‍ കോവിഡ് 19 പോലെ മഹാമാരികള്‍ക്ക് വഴിവെക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ കൊവിഡിന് കാരണമായ സാര്‍സ് കോവി-2 വൈറസ് കുടുംബത്തില്‍ പെട്ടതും, ഡെങ്കിപ്പനിയും യെലോഫീവറുമായി ബന്ധമുള്ള വൈറസുകളും ലൈംഗിക അവയവങ്ങളില്‍ മുഴകളും അര്‍ബുദവുമുണ്ടാക്കാവുന്ന വൈറസുകളും, മനുഷ്യന്റെ ആരോഗ്യത്തിന് അപകടസാധ്യത ഉണ്ടാക്കുന്ന എണ്ണമറ്റ അജ്ഞാത രോഗകാരികളുടെ സാന്നിധ്യവും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. വൈറോളജിക്ക സിനിക്ക ജേര്‍ണല്‍ ചൈനീസ് സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് ഇതുസംബന്ധിച്ച ഗവേഷഫലം പ്രസിദ്ധീകരിച്ചത്.
കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററില്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു. പരുക്കേറ്റ ആളുകള്‍ മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേരാണ് ഐസിയുവിലുള്ളത്. രാജഗിരിയില്‍ പീഡിയാട്രിക് ഐസിയുവിലുള്ള കുട്ടിക്ക് 10 ശതമാനത്തില്‍ താഴെയാണു പൊള്ളല്‍. ഇന്നു വൈകുന്നേരത്തോടെ ഐസിയുവില്‍ നിന്നു മാറ്റും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഗുജറാത്തില്‍ ഗര്‍ബ നൃത്തത്തിനിടെ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യതമാക്കിയത്. കോവിഡ് ഗുരുതരമായി ബാധിച്ച ചരിത്രമുള്ളവര്‍ ഒന്നുരണ്ടു വര്‍ഷത്തേക്ക് കടുത്ത വ്യായാമങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ്ബാധയും ഹൃദയാഘാതവും തമ്മിലുള്ള ഐ.സി.എം.ആറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗുജറാത്തില്‍ ഗര്‍ബയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ കൗമാരക്കാരും മധ്യവയസ്‌കരുമാണ്. ബറോഡയിലെ ദാഭോയില്‍ നിന്നുള്ള 13 വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍.
അര്‍ബുദ പ്രതിരോധത്തിന് സോപ്പ് വിസിപ്പിച്ച് 14കാരന്‍. അമേരിക്കയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന ഹെമാന്‍ ബെകെല്‍ ആണ് അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത്. ചര്‍മത്തെ സംരക്ഷിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സോപിന് 10 ഡോളറില്‍ കുറവ് മാത്രമാണ് ചിലവ്. കാന്‍സര്‍ കോശങ്ങളാല്‍ നശിപ്പിക്കപ്പെടുന്ന ഡെന്‍ഡ്രൈറ്റിക് കോശങ്ങളെ പുനരുജ്ജീവിക്കാന്‍ സഹായിക്കുന്ന മിശ്രിതങ്ങളാണ് സോപ്പിലുള്ളതെന്നും, മരുന്നിനു സമാനമായ ഗന്ധമാണ് സോപ്പിന്റേതെന്നും ഹെമന്‍ അവകാശപ്പെടുന്നു. ഡിജിറ്റല്‍ മോളിക്യുലാര്‍ ടെസ്റ്റിങ്ങിലൂടെ ഫലപ്രദമെന്നു കണ്ടെത്തിയ സോപ്പ് മനുഷ്യരില്‍ പരീക്ഷിച്ചു വിജയിച്ച് എഫ്.ഡി.എ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനായി കാത്തിരിക്കുകയാണെന്നും, ചര്‍മാര്‍ബുദ ചികിത്സയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന ഉത്പന്നം എന്നതാണ് ലക്ഷ്യമെന്നും ഹെമന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. നവംബര്‍ മൂന്നാം തീയതി ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യവര്‍ത്തകളാക്കായി ഡോക്ടര്‍ ലൈവ് ടി വി സുബ്‌ക്രൈബ് ചെയ്യുക.
Discussion about this post