നൂതന ആരോഗ്യരംഗത്ത് ഇന്ത്യയുടെ കയ്യൊപ്പ്. ഇന്ത്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരു യൂണിറ്റ് രക്തം പോലും നല്‍കാതെ രോഗിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് അഹമ്മദാബാദിലെ മാരെംഗോ സിഐഎംഎസ് ആശുപത്രിയിലാണ്. 52 കാരനായ ചന്ദ്രപ്രകാശ് ഗാര്‍ഗിന്‍ എന്നയാളിലാണ് ശസ്ത്രക്രിയ നടത്തിയത്. റോഡപകടത്തില്‍ മരിച്ച 33 കാരനാണ് ദാതാവ്. പൊതുവെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് രക്തം ആവശ്യമാണ്. എന്നാല്‍ മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് രക്തരഹിത ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ആശുപത്രിയിലെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ധീരന്‍ ഷായുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിപ്ലവകരമായ സാങ്കേതിക വിദ്യ രാജ്യത്ത് നിലവില്‍ അഹമ്മദാബാദില്‍ മാത്രമാണ് ലഭ്യം.
സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് കേരളാ ചാപ്റ്ററാണ് ബ്രെസ്റ്റത്തോണ്‍ 2023 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത എല്ലാ ആശുപത്രികളും ഇന്നുമുതല്‍ എല്ലാ ശനിയാഴ്ചകളിലും സ്തനാര്‍ബുദ രോഗികള്‍ക്കായി പ്രത്യേകം ചികിത്സയൊരുക്കും. കൂടാതെ സംസ്ഥാനത്തെ എല്ലാ ശസ്ത്രക്രിയാ കേന്ദ്രങ്ങളിലും സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും, ശസ്ത്രക്രിയയുടെ പ്രാധാന്യവും, സ്തനാര്‍ബുദ അവബോധവും സൃഷ്ടിക്കുക എന്നതാണ് എ എസ് ഐ കേരള-പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരളാ ചാപ്റ്റര്‍ സെക്രട്ടറി ഡോ മധു മുരളി വ്യക്തമാക്കി.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എന്‍.ബി (റേഡിയോ ഡയഗ്‌നോസിസ്), ഡി.എം.ആര്‍.ഡിയും ടി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ മൂന്നിന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 27 54 000 എന്ന ഫോണ്‍നമ്പറില്‍ ബന്ധപെടുക.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post