അടിയന്തിര സാഹചര്യത്തില്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി 108 ആംബുലന്‍സ് അധികൃതര്‍. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ആംബുലന്‍സുകളെല്ലാം മറ്റ് രോഗികളുമായി പോയിരുന്നതിനാല്‍ സമീപത്ത് ആംബുലന്‍സുകള്‍ ലഭ്യമായിരുന്നില്ലെന്നും ഈ വിവരം വിളിച്ചയാളെ ആദ്യം തന്നെ അറിച്ചിരുന്നു എന്നുമാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബുധനാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതിനാണ് ആംബുലന്‍സ് സേവനം തേടിയിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12.17നാണ് 108 കണ്‍ട്രോള്‍ റൂമില്‍ ആദ്യ കോള്‍ എത്തിയത്.
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം. നെക്സ് കാര്‍ 19 എന്ന മരുന്നിനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചത്. ഐഐടി ബോംബെയും ടാറ്റ മെമ്മോറിയല്‍ സെന്ററും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് നെക്സ് കാര്‍ 19. ലിംഫോമ, ലുക്കീമിയ എന്നീ രക്താര്‍ബുദങ്ങളുടെ ചികിത്സയ്ക്കാണ് നെക്സ് കാര്‍ 19 ഉപയോഗിക്കാന്‍ കഴിയുക. നിലവിലെ ചികിത്സകളെ അപേക്ഷിച്ച് 90 ശതമാനം ചെലവ് കുറഞ്ഞതാണ് ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ ഒരുങ്ങുന്ന ഈ മരുന്ന്. രാജ്യത്തിന് പുറത്ത് 3 മുതല്‍ 4 കോടിവരെ വിലവരുന്ന മരുന്ന് 30 മുതല്‍ 40 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയില്‍ ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബയോആര്‍എക്സൈവിലാണ് പിയര്‍ റിവ്യൂ ചെയ്യപ്പെടാത്ത ഈ ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. സാര്‍സ് കോവ്-2നെതിരായി ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ഡെങ്കിപ്പനി പരത്തുന്ന ഡെന്‍വി-2 വൈറസുമായി പ്രതിപ്രവര്‍ത്തിച്ച് കൂടുതല്‍ കോശങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കു വൈറസിനെ നിര്‍വീര്യമാക്കുന്നതിന് പകരം കൂടുതല്‍ കാര്യക്ഷമമായി കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് അവയെ സഹായിക്കുന്നതാകാം ഇതിനു കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട് നിര്‍ദ്ദേശിക്കുന്നു.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ദേശിയ പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികള്‍ക്കും 11,310 ഗര്‍ഭിണികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 1273 കൂട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
കാന്‍സര്‍ രോഗിയാണെന്ന് കള്ളം പറഞ്ഞ് പണംതട്ടിയ ടിക്ടോക്കര്‍ യുവതിയെ വ്യത്യസ്തമായ രീതിയില്‍ ശിക്ഷിച്ച് കോടതി. യു.കെ സംഭവം. അസുഖമുണ്ടെന്നു കള്ളം പറഞ്ഞതിനും ആളുകളെ സാമ്പത്തികമായി കബിളിപ്പിച്ചതിനും യുവതിക്ക് 37000 ഡോളര്‍ പിഴ,10 വര്‍ഷത്തെ തടവ്, 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനത്തിനും മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രൊബേഷനും കോടതി ശിക്ഷ വിധിച്ചു. 20 കാരിയായ മാഡിസണ്‍ റൂസോ സ്വന്തം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഫോളോവേഴ്‌സിനോടും തനിക്ക് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, നിര്‍വചിക്കാത്ത രക്താര്‍ബുദം, നട്ടെല്ലിന് ചുറ്റും ‘ഫുട്‌ബോള്‍ വലിപ്പമുള്ള ട്യൂമര്‍’ എന്നിവയാണെന്ന് അറിയിക്കുന്ന ടിക്കറ്റോക് വീഡിയോ പോസ്റ്റ് ചെയ്താണ് പണം തട്ടിയെടുത്തത്. അജ്ഞാതരായ സാക്ഷികള്‍ നല്‍കിയ പരാതിയില്‍ യുവതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പോലീസിന് വ്യാജ കാന്‍സര്‍ രോഗത്തെ പിന്തുണയ്ക്കുന്ന വിഗ്, ഐവി ബാഗ്, ഫീഡിംഗ് പമ്പുകള്‍, മുറിവ് ഡ്രെസ്സിംഗുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post