മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ടരോഗം സ്ഥിരീകരിച്ചു . ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഈ വർഷം മാത്രം ഒൻപത് കുട്ടികളിലും 38 മുതിർന്ന വ്യക്തികളിലുമാണ് രോഗം കണ്ടെത്തിയത്. ബാലമിത്ര 2.0 ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ജില്ലയിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചത്. 2023 സെപ്തംബർ 20 മുതൽ നവംബർ 30 വരെയാണ് മലപ്പുറം ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചത്.
കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ. ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യമാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോർപറേഷനിലെ വിദ്യാഭ്യാസ, ആരോഗ്യ, വികസന കാര്യ സ്ഥിര സമിതികളുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക. കോർപറേഷനു കീഴിലുള്ള സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിനാണു നടത്തിപ്പു ചുമതല. പദ്ധതിയുടെ വിശദ രൂപരേഖ തയാറാക്കാനായി ഹെൽത്ത് ഓഫിസറെ മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലും രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുത്ത ഡിവിഷനുകളിലും ആയിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയിൽ ഡോക്ടർമാർ, കൗൺസിലർമാർ, മാനസികാരോഗ്യ വിദഗ്ധർ, വൊളന്റിയർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തും. ജനങ്ങൾക്കു മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കാൻ ടെലികൗൺസലിങ് സംവിധാനവും സജ്ജമാക്കും. കോവിഡ് കാലത്തു വിജയകരമായി നടപ്പാക്കിയ കൗൺസലിങ് പരിപാടിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു പുതിയ പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ കോർപറേഷനിലെ കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്കാണ് മാനസികാരോഗ്യ പിന്തുണ ലഭ്യമാക്കുക.
കേരളം നിപ ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം ഇന്ന് പൂർത്തിയായി. ഈ വ്യാപനത്തിൽ ആകെ ആറ് പേർ പോസിറ്റീവായി. അതിൽ രണ്ട് പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവർ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷൻ കാലാവധിയും പൂർത്തിയായിട്ടുണ്ട്. അതേസമയം വയനാട് സെപ്റ്റംബറിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നത് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജിലേക്കുള്ള കെഡാവർ ബാഗ് വാങ്ങിയെന്നു കാണിച്ചു എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്ന് നടത്തിയെന്ന് അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിനെയും അനിൽ അക്കര വിമർശിച്ചു. കേരളത്തിലെ ആരോഗ്യമന്ത്രിക്ക് ആരോഗ്യമേഖലയിൽ നടക്കുന്ന കൊളളയെകുറിച്ച് അറിയില്ല. മന്ത്രി കാര്യങ്ങൾ പഠിക്കണം. മന്ത്രി മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോഗ്യവകുപ്പിനെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് കുശുമ്പാണെന്ന് പറയുന്നു. പ്രതിപക്ഷ നേതാവിനെ ആരോഗ്യമന്ത്രി രാഷ്ട്രീയ പ്രവർത്തനം പഠിപ്പിക്കേണ്ടന്നും അനിൽ അക്കര പറഞ്ഞു.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 29 നു ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post