ചായപ്രേമികൾക്ക് നിരാശാവാർത്ത. നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ട്. ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സർവേയിൽ പാൽചായയുടെ ഉപയോഗം വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മാനസിക ആരോഗ്യം മോശമാകുന്നതിനു പുറമേ, ചായ ഉപഭോഗം കൂടുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. ഇതിന് പ്രധാനകാരണം ചായയിലടങ്ങിയ കഫീനും പഞ്ചസാരയുമാണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.
കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു. 5 എ എം ക്ലബ് ഒക്കെ നല്ലതാണ് പക്ഷെ, ദിവസവും നാലു മണിക്കൂറും അഞ്ചു മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലെ വ്യായാമം ചെയ്യുന്നത് അനാരോഗ്യകരമാണ്. ഉറക്കം തലച്ചോറിനെയും സർവ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും യുവത്വത്തിൽ തന്നെ നിലനിർത്തും. എട്ടു മണിക്കൂർ 7 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ 2 മണിക്കൂറോ 5 മണിക്കൂറോ ഓടിയിട്ട് കാര്യമില്ല. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകാൻ നല്ല ഉറക്കം അനിവാര്യമാണ്.ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്.
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ടു പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, വിഷയം പരിഹരിക്കുമെന്നും ആരോഗ്യ മന്ത്രി വക്തമാക്കി. ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടതിൽ നന്ദിയുണ്ടെന്നും,നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാകട്ടെ എന്നും ശ്രീലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.
ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും, അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതി വഴി ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ കുട്ടികൾക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവൻ കുട്ടികളുടെയും ചികിത്സ, തുടർചികിത്സ, ഉപകരണങ്ങളുടെ മെയിന്റനൻസ്, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. മുമ്പ് കെ.എസ്.എസ്.എം. തുടർന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എൽ. ചർച്ച നടത്തി ഉപകരണങ്ങൾക്കും മെയിന്റനൻസിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങൾ വിതരണം ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post