ഇന്‍ഷുറന്‍സ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ഇന്‍ഷുറന്‍സ് പരീരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു. മരട് സ്വദേശി ജോണ്‍ മില്‍ട്ടന്റെ അമ്മയ്ക്ക് സ്വകാര്യ കണ്ണ് ആശുപത്രിയിലെ ചികിത്സയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. കിടത്തി ചികിത്സ വേണ്ടി വന്നില്ലെന്ന കാരണത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതിനെതിരെ ജോണ്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റലി ഏബിള്‍ഡ് വെല്‍ഫെയര്‍ കോര്പ്പറേഷന് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. 2023 ആഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുനര്‍ നാമകരണത്തിനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം. ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒക്ടോബര്‍ 25ന് ചേരും. തുടര്‍ന്ന് ജനറല്‍ ബോഡി യോഗവും വിളിച്ചുചേര്‍ത്ത് അടിയന്തരമായി പേരുമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഇത് പിന്നീട് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാന്‍-യെമന്‍ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുക. കേരളമടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ അങ്ങിങ്ങായി മഴക്ക് സാധ്യതയുണ്ടെന്നും തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മാനവരാശിക്ക് ഭീഷണിയാകുന്ന മഹാമാരികളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ തീരുമാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പങ്കാളിത്തത്തോടെയാണ് സെന്റര്‍ സ്ഥാപിക്കുക. കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്. മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസര്‍ച്ച്. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ പ്രവര്‍ത്തനത്തിനായി താല്ക്കാലികാടിസ്ഥാനത്തില് തസ്തികകള്‍ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്ന് വിരമിച്ച ഡോ. സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. കേരള സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിനെ മൈക്രോബയോമിന്റെ ഭരണ വകുപ്പായി തീരുമാനിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതല്‍ പ്രസക്തമാകുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post