എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നൽകിയത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തകുട്ടികളുടെ മാതാപിതാക്കൾക്കാണ് പരിശീലനം നൽകിയത്. അതിനിടെ അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്വാസകോശത്തിൽ കഫം കെട്ടുന്നതാണ് എസ് എം എ കുട്ടികളിൽ ഏറ്റവും അലട്ടുന്ന പ്രശനം, പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കൾക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയിൽ വിദഗ്ധ പരിശീലനം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇനി 108 ആംബുലൻസ് സർവീസ് മൊബൈൽ ആപ്പിലൂടെ.. ആംബുലൻസ് സർവീസിന് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്. ആംബുലൻസ് സേവനങ്ങൾക്കായി മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും.സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ കൊച്ചിയിലെ 22 കോളേജുകളിൽ നിന്നുള്ള 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും സർക്കാരും ചേർന്ന് ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്ക് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പങ്കെടുത്ത മെമ്മറിവാക്ക് കൂടാതെ ഫ്ളാഷ്മോബ്, മൈം എന്നിവയും സംഘടിപ്പിച്ചു.
വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധം ഊർജ്ജിതമാകാൻ ജില്ലാ കളക്ടർ രേണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകൾ ചത്ത് കിടക്കുന്നത് കണ്ടാൽ സ്വീകരിക്കേണ്ട മുൻ കരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചചെയ്തു. കുരങ്ങ് പനിക്കെതിരെയുള്ള ബോധവത്ക്കരണ ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവ അതത് പഞ്ചായത്തുകളുടെ സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ജനങ്ങളിലേക്കെത്തിക്കും.വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തിൽ പോകുന്നവരും പ്രത്യേക മുൻകരുതലെടുക്കണം. പ്രതിരോധ മരുന്നുകൾ ഉപയോഗിക്കണം. ആവശ്യമെങ്കിൽ പി.പി.ഇ കിറ്റ് പോലുള്ള സൗകര്യങ്ങൾ ഉറപ്പ് വരത്തണം. ബി.ബി എമൽഷൻ പോലുള്ള പ്രതിരോധ ലേപനങ്ങൾ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. വൈറസ് രോഗമായ കുരങ്ങുപനി ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചെള്ളുകളാണ് പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു.
സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കായലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post