നിപ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായതായി സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു.നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലമുള്‍പ്പെടെയാണ് നെഗറ്റീവായത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്.
കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്‌സുമാര്‍ കുവൈറ്റ് ജയിലില്‍. കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായത്. ലൈസന്‍സ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതെങ്കിലും പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു അറസ്റ്റിലായ മറ്റുള്ളവര്‍. ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെട്ടു നഴ്‌സുമാരുടെ മോചനത്തിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കോവിഡിനുശേഷം പൊതുസമൂഹത്തില്‍ രോഗങ്ങളും മരണങ്ങളും അസാധാരണമാംവിധം വര്‍ധിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോവിഡിന്റെ പ്രത്യാഘാതമാണോ അതോ മറ്റുവല്ലതുമാണോ ഇത്തരത്തില്‍ മരണനിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ഗൗരവമായി പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം അടുത്ത 2 ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ ആന്‍ഡമാന്‍ കടലിനും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. മഡ്രിഡ് സര്‍വകലാശാലയും ഹാര്‍വഡ് സര്‍വകലാശാലയിലെ ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ആണ് പഠനത്തിന് പിന്നില്‍. മെഡിറ്ററേനിയന്‍ കടലിനെ ചുറ്റിക്കിടക്കുന്ന രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണശൈലിയും ജീവിതരീതികളുമാണ് മെഡിറ്ററേനിയന്‍ ജീവിതശൈലി എന്ന പേരില്‍ അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും ഹോള്‍ഗ്രെയ്നുകളും നട്സും സമൃദ്ധമായി അടങ്ങുന്ന മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തില്‍ ഉപ്പും പഞ്ചസാരയും പരിമിതമായാണ് ഉപയോഗിക്കുന്നത്. ഇവരുടെ ജീവിത ശൈലി പകലുറക്കവും ആവശ്യത്തിന് വിശ്രമവും മിതമായ തോതിലുള്ള വ്യായാമവും വിനോദവും സാമൂഹികമായ ഒത്തുചേരലുകളും അടങ്ങിയ സമ്മര്‍ദം പൊതുവേ കുറഞ്ഞ തരത്തിലുള്ള ജീവിത ക്രമമാണ്. എന്നാല്‍ പുതിയ ഭക്ഷണക്രമം ആരംഭിക്കും മുന്‍പ് ഒരു ഡയറ്റിഷ്യന്റെ സഹായം തേടേണ്ടതാണ്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post