തൃശ്ശൂരില്‍ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറിനുള്ളില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയാതായി പരാതി. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ വിയ്യൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂണ്‍ 12 നാണു കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ക്ലിപ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് വയറിനകത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടി അവശ നിലയിലാവുകയും എറണാകുളത്തെ സ്വകാര്യ സുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നു വീട്ടുകാര്‍ പറഞ്ഞു. വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് കുടുംബം ആരോഗ്യ വകുപ്പിനു പരാതി നല്‍കും.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് പിന്തുണയുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വേദന അനുഭവിച്ചവരുടെ കൂടെയാണ് സര്‍ക്കാരെന്നും, കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി ഉടന്‍ എടുക്കുമെന്നും കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സര്‍ക്കാര്‍ ഉചിതമായ നടപടി കൈകൊള്ളുമെന്നും ശൈലജ വിശദീകരിച്ചു. സംഭവത്തില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരെയും കേസില്‍ പ്രതികളാക്കും. നിലവില്‍ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിന് വാക്‌സീന്‍ മാറി കുത്തിവച്ച സംഭവത്തില്‍ അന്വേഷണവിധേയമായി നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ ചാരുതയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്‌സിന് കൈപ്പിഴ സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് ബിസിജിയുടെ കുത്തിവപ്പിന് പകരം 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്‌സീനാണ് നല്‍കിയത്. ആശുപത്രി ജീവനക്കാര്‍ മോശമായി പെരുമാറിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരത്തിനും മുകളിലായാണ് ന്യുനമര്‍ദം സ്ഥിതി ചെയ്യുന്നത്.
റിസ്റ്റ് ബാന്‍ഡുകള്‍ ഇ.കോളി, സ്റ്റഫലോകോക്കസ് ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ വിളനിലമാണെന്ന് പഠനം. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ ചാള്‍സ് ഇ ഷ്മിഡിറ്റ് കോളജ് ഓഫ് സയന്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പലതരം റിസ്റ്റ് ബാന്‍ഡുകള്‍ ധരിക്കുന്ന വ്യക്തികളുടെ കൈയില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. സാധാരണയായി മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളില്‍ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയ ഭക്ഷ്യവിഷബാധയും മൂത്രനാളിയിലെ അണുബാധയും ഉണ്ടാക്കുന്നവയാണ്. ചികിത്സിക്കാതെ വിട്ടാല്‍ ചര്‍മ അര്‍ബുദത്തിലേക്കും ന്യുമോണിയയിലേക്കും വരെ നയിക്കാവുന്ന ബാക്ടീരിയയാണ് സ്റ്റഫലോകോക്കസ്. റിസ്റ്റ് ബാന്‍ഡുകള്‍ ചര്‍മവുമായി നേരിട്ട് തൊട്ടിരിക്കുന്നതും ഇവിടെ ഈര്‍പ്പവും ചൂടും ഉണ്ടായിരിക്കുന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കുള്ള സാധ്യത ഒരുക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
അവയവദാന രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു പരീക്ഷണമാണ് പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ ജനിതകപരമായ മാറ്റങ്ങള്‍ വരുത്തിയ പന്നിയുടെ വൃക്ക തലച്ചോറിന് മരണം സംഭവിച്ച രോഗിയില്‍ ഒരു മാസത്തിലധികം വിജയകരമായി പ്രവര്‍ത്തിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അര്‍ബുദം മൂലം തലച്ചോറിന് മരണം സംഭവിച്ച് കോമയില്‍ കിടക്കുന്ന മോറിസ് മോ മില്ലര്‍ എന്ന രോഗിയിലാണ് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലാന്‍ഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. മാറ്റി വച്ച പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ മൂത്ര ഉല്‍പാദനം നടത്തുന്നതായും ക്രിയാറ്റിന്‍ തോത് നിയന്ത്രണ വിധേയമാണെന്നും ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.
യൗവനത്തില്‍ വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിതസൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള മുപ്പത്തിമൂന്നിനും അതിനുമുകളിലും പ്രായമുള്ള ഒരു ദശലക്ഷത്തോളം സ്വീഡിഷ് പൗരന്മാരുടെ രേഖകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങളില്‍ സജീവമായിരുന്നവരില്‍ ശ്വാസകോശാര്‍ബുദ സാധ്യത 42ശതമാനം കുറവായിരുന്നു എന്നു പഠനത്തില്‍ കണ്ടെത്തി. ഇക്കൂട്ടരില്‍ കരളിലെ കാന്‍സറിനുള്ള സാധ്യത 40 ശതമാനവും അന്നനാളത്തിലെ കാന്‍സറിനുള്ള സാധ്യത 39 ശതമാനവും കുറവാണെന്നും പഠനത്തില്‍ പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post