അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ് സ്റ്റെറോളുകളും അവക്കാടയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തിന്റെ തോതും മെച്ചപ്പെടുത്തുന്നു. കോശങ്ങളെ നീര്‍ക്കെട്ടില്‍ നിന്നും ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റായ വൈറ്റമിന്‍ ഇയും അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. ഫോളേറ്റ് ഉള്‍പ്പെടെയുള്ള ബി വൈറ്റമിനുകള്‍ അടങ്ങിയ അവക്കാഡോ ഹോമോസിസ്റ്റൈന്‍ തോത് കുറച്ച് ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു.
മധുരപാനീയങ്ങളുടെ സ്ഥിരോപയോഗം സ്ത്രീകളില്‍ കരള്‍ രോഗസാധ്യത കൂട്ടുമെന്ന് പഠനം. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 20 വര്‍ഷക്കാലം ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടെത്തി. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തി. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാന്‍ഡുകളില്‍ കീടനാശിനി അവശിഷ്ടം നിശ്ചിത അളവില്‍ കൂടുതലായി കാണപ്പെടുന്നതായി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകള്‍ 199 പരിശോനകള്‍ നടത്തി. കൊല്ലം, കോട്ടയം ജില്ലകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു, ഗുരുതര വീഴ്ച കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 104 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 75 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചതായും മന്ത്രി പറഞ്ഞു
ലണ്ടനിലെ ആശുപത്രിയില്‍ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയെന്ന് കോടതി. കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ 7 നവജാത ശിശുക്കളെയാണ് ലൂസി അതിക്രൂരമായി കൊലപ്പെടുത്തിയത്. രോഗികളോ മാസം തികായതെ പ്രസവിച്ച കുഞ്ഞുങ്ങളോ ആയിരുന്നു 33 കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്. എയര്‍ എംബോളിസത്തിലൂടെയും കുട്ടികള്‍ക്ക് അമിതമായി പാല്‍ നല്‍കിയും ഇന്‍സുലിന്‍ വിഷം നല്‍കിയുമാണ് നഴ്‌സ് കുട്ടികളെ കൊന്നൊടുക്കിയത്.
ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ട പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്ലെറ്റ് തോത് കുറയാനും കാരണമാകാമെന്നു പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ആന്റി-പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 തകരാറുകളിലേക്ക് അഡെനോവൈറസ് അണുബാധ നയിക്കാമെന്ന് പഠനത്തില്‍ പറയുന്നു. ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം തന്റെ ശരീരത്തിലെതന്നെ പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിപ്പിക്കുമ്പോഴാണ് ആന്റി-പിഎഫ്4 തകരാറുണ്ടാകുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകള്‍ പുറത്ത് വിടുന്ന പ്രോട്ടീനാണ് പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4. പിഎഫ്-4നെതിരെ ഒരു ആന്റിബോഡി ഉണ്ടാവുകയും അവ അതിനോട് ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഇത് രക്തപ്രവാഹത്തില്‍ നിന്ന് പ്ലേറ്റ്ലെറ്റുകള്‍ നീക്കം ചെയ്യപ്പെടാന്‍ ഇടയാക്കുന്നു. ഇതാണ് രക്തം കട്ടപിടിക്കുന്നതിലേക്കും പ്ലേറ്റ്ലെറ്റ് തോത് കുറയുന്നതിലേക്കും നയിക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണയത്തിലേക്കും ചികിത്സാരീതികളിലേക്കുമൊക്കെ നയിക്കാന്‍ പഠനത്തിനാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ വടക്കന്‍ ഛത്തീസ്ഗഡ് വഴി ന്യൂന മര്‍ദ്ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post