പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഞ്ചുദിവസം പ്രായമായ കുഞ്ഞിന് വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്സിനാണ് കുഞ്ഞിന് നൽകിയത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിക്കാണ് വാക്സിൻ മാറി കുത്തിവെച്ചത്. ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരെയും കേസിൽ പ്രതികളാക്കും. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. നീതി തേടി ഹർഷിനയും കുടുംബവും ഇന്നലെ തിരുവനന്തപുരത്ത് ഉപവാസം നടത്തിയിരുന്നു.
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. ഹർഷിനയെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു എന്നും ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള നിരവധി നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിൽ 3500 പ്രവാസി ഡോക്ടർമാരും, 500 കുവൈത്തി ഡോക്ടർമാരുമാണ് ജോലി ചെയ്യുന്നത്.
തമിഴ്‌നാട്ടിൽ കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദിവസേന 30 ഗ്രാം നട്‌സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്‌ക്കുമെന്ന് പഠനം. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്‌പെയ്‌നിലെ ഹെൽത്ത് ആൻഡ് സോഷ്യൽ റിസർച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ബദാം, വാൾനട്‌സ്, കശുവണ്ടി, ഹേസൽനട്‌സ്, പിസ്‌ത, ബ്രസീൽ നട്‌സ് പോലുള്ള നട്‌സ് വിഭവങ്ങൾ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. നട്‌സിൽ വൈറ്റമിൻ ഇയും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു.
ശ്വാസകോശാർബുദത്തിന്റെ സാധ്യത പ്രവചിക്കാൻ കഴിയുന്ന ലളിതമായ രക്തപരിശോധന വികസിപ്പിച്ചു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകർ. രക്തത്തിലെ നാലു പ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുന്ന 4എംപി എന്ന ഈ രക്തപരിശോധന പിഎൽസിഒഎം2012 എന്ന പ്രവചന മോഡലുമായി ചേർത്ത് പരീക്ഷിച്ചാൽ ശ്വാസകോശാർബുദം വരാൻ സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്താമെന്ന് ഗവേഷകർ പറയുന്നു. ശ്വാസകോശാർബുദം ബാധിക്കപ്പെട്ട 552 രോഗികളുടെ ഡേറ്റയാണ് ഈ പഠനത്തിനായി പരിശോധിച്ചത്.
ചെറിയ കുട്ടികളുടെ ചെവിയിൽ ഉമ്മവയ്‌ക്കുന്നത് കോക്ലിയർ കിസ് ഇഞ്ചുറിയിലേക്കും കേൾവി നഷ്ടത്തിലേക്കും നയിക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുഞ്ഞുങ്ങളുടെ ചെവിയിൽ നൽകുന്ന ഉമ്മയുടെ മർദം ഉള്ളിലെ ടിംപാനിക് പാളിയെ പുറത്തേക്ക് തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ് മാലിയസിനും ഇൻകസിനും സ്ഥാനഭ്രംശം ഉണ്ടാക്കാം. ഇത് ചെവിക്കുള്ളിലെ ദ്രാവകം ചോർന്ന് കോക്ലിയർ ഹെയർ കോശങ്ങൾക്ക് നാശം വരുത്താം. ഇത് സെൻസോറിന്യൂറൽ ഹിയറിങ് ലോസ് എന്ന കേൾവി നഷ്ടത്തിലേക്ക് നയിക്കുന്നു. കേൾവി നഷ്ടം കുഞ്ഞുങ്ങളുടെ സംസാരശേഷിയെയും ഭാഷാശേഷികളെയും രാത്രിയിലെ ഉറക്കത്തെയും ജീവിതനിലവാരത്തെയുമെല്ലാം ബാധിക്കാമെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post