ഹെഡ്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡല്‍ഹി എന്‍.സി.ആര്‍ ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സര്‍വേപ്രകാരമാണ് ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ പുതിയ റിപ്പോര്‍ട്ട്. 19-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ കേള്‍വിപ്രശ്‌നങ്ങള്‍ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരില്‍ 69 ശതമാനവും വര്‍ധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. ആശയവിനിമയസംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിച്ചുവെന്നും എന്നാല്‍ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്‌ഫോണുകളില്‍ അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധനും കേന്ദ്രആരോഗ്യമന്ത്രിയുടെ മുന്‍ഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറഞ്ഞു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്‌ഫോണുകള്‍ക്കു പകരം ശ്രവണസഹായി വെക്കേണ്ട സാഹചര്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റി ഹര്‍ഷീന. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഒന്നും അനുകൂലമായിരുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ഹര്‍ഷീന മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിയ സമരം സര്‍ക്കാര്‍ കാണാഞ്ഞതിനാലാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നതെന്നു ഹര്‍ഷീന പറഞ്ഞു. ആരോഗ്യമന്ത്രി പറയുന്നത് വാക്കില്‍ മാത്രം ഒതുങ്ങുന്നു. പ്രവര്‍ത്തിച്ചു കാണിക്കണം. മുഖ്യമന്ത്രിയെ ഇന്ന് കാണാന്‍ ശ്രമിക്കുമെന്നും 87 ദിവസമായി തെരുവില്‍ കഴിയുകയാണെന്നും ഹര്‍ഷീന പറഞ്ഞു.
മണ്‍സൂണ്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരളത്തിന് ലഭിച്ചത് സാധാരണ കിട്ടേണ്ടതിനേക്കാള്‍ 44 ശതമാനം കുറവ് മഴ. മണ്‍സൂണ്‍ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരള്‍ച്ചാ ഭീഷണിയിലേക്ക് കടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വരള്‍ച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട പഠനത്തിലാണ് ദുരന്തനിവാരണ അതോറിറ്റി. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഡാമുകളില്‍ ജലനിരപ്പ് തീരെ കുറഞ്ഞു. പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് കേരളത്തെയും വരള്‍ച്ചയിലേക്ക് നയിക്കുന്നതെന്നും എല്‍നിനോ സാചര്യങ്ങളാല്‍ മണ്‍സൂണ്‍ രണ്ടാം പകുതിയിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ക്യാംപസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റ ഡ്രൈവര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പൊലീസിന്റെ പിടിയിലായത്. ക്യാംപസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്കു വിളിക്കുന്നതാണ് പ്രതിയുടെ രീതി. തനിക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണു കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പ്രതി പറഞ്ഞിരുന്നത്. ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പു പൊലീസിനു ലഭിച്ചിരുന്നു. കൂടുതല്‍ കന്നുകാലികളെ പ്രതി ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നു പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
പക്ഷാഘാതംവന്ന രോഗികള്‍ക്ക് ആശുപത്രിവിട്ടശേഷം തുടര്‍പരിശോധനകളും ചികിത്സയും നടത്തുന്നതിന് വിമുഖത കാണിക്കുന്നതായി പഠനം. കൊല്ലം ജില്ലയില്‍ 896 രോഗികളില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഒരുവര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അച്യുതമേനോന്‍ സെന്ററിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ന്യൂറോളജി വകുപ്പ് മേധാവി ഡോ. പി. എന്‍. ഷൈലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. സമൂഹത്തില്‍ 35 ശതമാനം രോഗികള്‍മാത്രമാണ് ആറുമാസത്തിനിടെ രക്തസമ്മര്‍ദവും പ്രമേഹവും പരിശോധിച്ചിട്ടുള്ളത്. 70 ശതമാനം പേര്‍മാത്രമാണ് മരുന്ന് ഉപയോഗം തുടരുന്നത്. പക്ഷാഘാതം വന്നവരില്‍ അഞ്ചുമുതല്‍ 15 ശതമാനംപേര്‍ക്ക് ഒരുവര്‍ഷത്തിനിടെ വീണ്ടും രോഗംവരാനുള്ള സാധ്യത കൂടുതലായതിനാല്‍ അത് തടയാനായി തുടര്‍ചികിത്സയും നിരീക്ഷണവും ആവശ്യമാണ്.
കാന്‍സറിനെ സംബന്ധിച്ചുള്ള അടിസ്ഥാനരഹിതമായ കണ്ടന്റുകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. ചൊവ്വാഴ്ച്ചയാണ് ഇതുസംബന്ധിച്ച് കമ്പനി വാര്‍ത്ത പുറത്തുവിട്ടത്. ആരോഗ്യത്തിന് ഹാനികരമായതോ ഫലപ്രദമല്ലാത്തതോ ആണെന്ന് തെളിഞ്ഞിട്ടുള്ള കാന്‍സര്‍ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കംചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെയും പ്രാദേശിക ആരോഗ്യ അധികൃതരുടെയും വാദങ്ങള്‍ക്ക് വിരുദ്ധമായ ആരോഗ്യാവസ്ഥകളെയും ചികിത്സകളെയും മരുന്നുകളെയും സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ക്കും ഇതുബാധകാണ്. ചൊവ്വാഴ്ച്ച മുതല്‍ വരുന്ന ആഴ്ച്ചകളിലായിട്ടായിരിക്കും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുക. വെളുത്തുള്ളി കാന്‍സറിന് പരിഹാരം, റേഡിയേഷന്‍ തെറാപ്പിക്ക് പകരം വിറ്റാമിന്‍ സി തുടങ്ങിയതുപോലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് വ്യക്തമാക്കിയത്. ഇതുകൂടാതെ ആധികാരികമായ ഉറവിടങ്ങളില്‍ നിന്നുള്ള കാന്‍സര്‍സംബന്ധമായ ശാസ്ത്രീയ അറിവുകള്‍ പകരുന്ന പ്ലേലിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
വിറ്റമിന്‍ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്നും ആസ്ത്മ, ക്രോണിക് ഒബ്‌സട്രക്റ്റീവ് പള്‍മണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങള്‍ കൂടാന്‍ കാരണമാകുമെന്നും പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിലും ധാന്യങ്ങളില്‍ നിന്നുമൊക്കെ ലഭിക്കുന്ന വിറ്റമിന്‍ കെ രക്തം കട്ടംപിടിക്കുന്നതില്‍ വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മുറിവുകള്‍ ഉണങ്ങാന്‍ ശരീരത്തെ സഹായിക്കുന്നതും ഇതാണ്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ വിറ്റമിന്‍ കെ-യുടെ സ്ഥാനം വലുതാണെന്ന് പഠനം വ്യക്തമാക്കുന്നു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെയും കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇ.ആര്‍.ജെ. ഓപ്പണ്‍ റിസര്‍ച്ച് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപൂര്‍വരോഗങ്ങളുടെ രോഗനിര്‍ണയം, ചികിത്സാ, തെറാപ്പികള്‍, സാന്ത്വനപരിചരണം എന്നിവ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. പദ്ധതിക്ക് അനുയോജ്യമായ പേരു പൊതുജനത്തിന് നിര്‍ദ്ദേശിക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പൊതുജന നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പേര് പദ്ധതിക്കായി തെരഞ്ഞെടുക്കും. ഇതിലേക്കായി എല്ലാവരുടെയും പങ്കാളിത്തം സാദരം ക്ഷണിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇതെപ്പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങളും 919072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്‌സ്ആപ്പിലോ അയക്കുക.
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇടുക്കി രാജകുമാരിയില്‍ തെരുവുനായയുടെ കടിയേറ്റ് 3 പേര്‍ക്ക് പരുക്കേറ്റു. ഉടുമ്പന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ വീരകണ്ണന്‍ അര്‍ച്ചന ദമ്പതികളുടെ മകന്‍ 11 വയസുകാരന്‍ ദര്‍ശന്‍, കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍, രാജകുമാരി അറയ്ക്കക്കുടിയില്‍ ജയിംസ് മാത്യു എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ദര്‍ശനെ രാജകുമാരി ടൗണില്‍ വച്ചും കുര്യനെ രാജകുമാരി പള്ളിയുടെ സമീപത്തുവച്ചും ജയിംസിനെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ കടിച്ചത്. വെളുത്ത നിറമുള്ള ഒരു തെരുവുനായ കടിച്ചു എന്നാണ് ഇവര്‍ പറയുന്നത്. മൂവരെയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post