സംസ്ഥാന ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2022 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ കണ്ണൂര്‍, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് സി.ഒ., മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഗോമതി എസ്., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് മേഖലയില്‍ പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഫിസിഷ്യന്‍ ഡോ. ജയശ്രീ എസ്., ദന്തല്‍ മേഖലയില്‍ കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ദന്തല്‍) ഡോ. സജു എന്‍.എസ്., സ്വകാര്യമേഖലയില്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ അനസ്തേഷ്യാ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശശിധരന്‍ പി. എന്നിവരെയാണ് ഡോക്ടേഴ്സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 15,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണായ സംസ്ഥാനതല അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. കാന്റീനുകളിലും, വിദ്യാര്‍ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്ന രണ്ട് പേരെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എന്‍.വാസവനും പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസും. എറണാകുളത്തെ തിരുവാങ്കുളം മാമലയിലാണ് അപകടം നടന്നത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറാകാതിരുന്നതോടെയാണ് മന്ത്രിയുടെയും ജെയ്ക്കിന്റെയും നേതൃത്വത്തില്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടി വരില്ലെന്നും അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തുനിന്നും ദുഖകരമായ ഒരു വാര്‍ത്തയാണ് പങ്കുവയ്ക്കാനുള്ളത്. തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചലില്‍ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോള്‍ -ജയകൃഷ്ണന്‍ ദമ്പതികളുടെ 3 മാസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ഏക മകനാണിത്.
ബഡ്‌സ് ദിനം എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും. 2004ല്‍ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16. 19 വര്‍ഷം കൊണ്ട് ഈ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്‌സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് ദിനപ്രഖ്യാപനവും വാരാഘോഷവും ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post