വികാര നിര്‍ഭരമായി തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയുടെ പതിനേഴാമത് ബിരുദ ദാന ചടങ്ങ്. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും വന്ദനയുടെ മാതാപിതാക്കള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് സദസിനെ ദുഃഖത്തിലാഴ്ത്തി. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് പിടിച്ച് ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
നഴ്‌സുമാരെ മര്‍ദ്ദിച്ച തൃശൂര്‍ സ്വകാര്യ ആശുപത്രി ഉടമയെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ. അക്രമം നടത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് പത്തു മുതല്‍ തൃശൂര്‍ ജില്ലയില്‍ നഴസുമാര്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്നും യുഎന്‍എ അറിയിച്ചു. ജില്ലാ കലക്ടറുമായി യുഎന്‍എ ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് കേസ് അന്വേഷിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കുകയും ചെയ്തു. തര്‍ക്കം നിലനില്‍ക്കുന്ന ആശുപത്രിയിലെ തൊഴില്‍ തര്‍ക്കത്തില്‍ കളക്ടര്‍ ഇടപെടും. സ്വകാര്യ ആശുപത്രിയിലെ ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്‌സുമാരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ തുടരന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രുപീകരിച്ചു. എറണാകുളം ജനറല്‍ അശുപത്രിയിലെ റേഡിയോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. റേഡിയോളജിസ്റ്റില്ലാത്തതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരണം പ്രതിസന്ധിയിലായിരുന്നു. ഈ മാസം എട്ടിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്നും അവശ്യപ്പെട്ട് ഹര്‍ഷീന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എഫ്എച്ച്സി കോയിപ്പുറം, കോഴിക്കോട് എഫ്എച്ച്സി കക്കോടി എന്നീ ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും വയനാട് എഫ്എച്ച്സി പൂതാടി ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുന:രംഗീകാരവും ലഭിച്ചു. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ‘ക്വിയര്‍ ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ പദ്ധതി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിവേചനങ്ങളില്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സ്തനാര്‍ബുദം കണ്ടെത്താനുള്ള പരിശോധനയായ മാമോഗ്രഫി സാധാരണ പരിശോധനയെക്കാള്‍ കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. റേഡിയോളജിസ്റ്റുകളുടെ ജോലിഭാരം പകുതിയായി കുറയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനം ലാന്‍സെറ്റ് ഓങ്കോളജി ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 80000 സ്ത്രീകളിലാണ് പഠനം നടത്തിയത്.
സംസ്ഥാനത്ത് 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ ശിശു വികസന വകുപ്പ് മുഖേന 25 ക്രഷുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചതില്‍ 18 ക്രഷുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post