കോഴിക്കോട് രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ് പൊലീസ് ബാരിക്കേഡ് മൂലം വഴി തിരിഞ്ഞുപോയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് തടയാന്‍ കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ സ്ഥാപിച്ച ബാരിക്കേഡ് മൂലമാണ് ആംബുലന്‍സ് കുടുങ്ങിയത്. പത്തു മിനിറ്റില്‍ ആശുപത്രിയില്‍ എത്തേണ്ടിടത്ത് കിലോമീറ്ററുകളോളം മാറി സഞ്ചരിച്ചാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയത്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
കേരളത്തെ നടുക്കിയ ഡോക്ടര്‍ വന്ദനാദാസ് കൊലപാതകത്തില്‍ 84 ആം ദിവസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണസംഘം. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതിക്ക് ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കൊലപാതകം നേരില്‍ കണ്ട ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, പൊലീസുകാര്‍ ഉള്‍പ്പടെ 136 സാക്ഷികളുടെ മൊഴികള്‍, കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങള്‍, സന്ദീപിന്റെ ഷര്‍ട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. വിചാരണ തീയതി പിന്നീട് തീരുമാനിക്കും.
അമേരിക്കയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് 37 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. വ്യാജ കോഴ്‌സ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി. കൊല്ലം ചവറയില്‍ നടന്ന സംഭവത്തില്‍ സെക്രട്ടേറിയറ്റ് മുന്‍ ജീവനക്കാരന്‍ ജയിംസ് രാജ്, ജോസഫ് ഡാനിയേല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. അമേരിക്കയിലെ ഒരു സര്‍വകലാശാല നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 2022 ജനുവരിയിലായിരുന്നു തട്ടിപ്പിന്റെ തുടക്കം.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടരുന്നു. ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തി. വരും ദിവസങ്ങളിലും ലൈസന്‍സ് പരിശോധന തുടരും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇന്ത്യയില്‍ ആദ്യമായി ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിലൂടെ പുതിയ ചുവടുറപ്പിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേവലം 3 മാസത്തിനുള്ളിലാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.
ദിവസവും 5 മിനിറ്റ് വ്യായാമം ചെയ്താല്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാമെന്ന് പഠനം. ജാമാ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്‌നി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 22,000 പേര്‍ പഠനത്തിന്റെ ഭാഗമായി.
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗം വജൈനല്‍ ഇന്‍ഫെക്ഷന്‍ സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇല്ലിനോയ് ചിക്കാഗോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പി.എല്‍.ഒ.എസ് എന്ന മെഡിസിന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെനിയയിലെ പെണ്‍കുട്ടികള്‍ക്കിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയതെന്നും ലേഖനം വ്യക്തമാക്കുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post