നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കുന്നതിന് ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാചല്‍ പ്രദേശ് ഡിജിപിയുമായി ആശയവിനിമയം നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ കൂടുതല്‍ താഴേക്ക് ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഗൈഡും ഇവര്‍ക്കൊപ്പമുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയത്. 10 പേര്‍ക്ക് എച്ച്1എന്‍1 ഉം രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ചു 4 മരണം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്.
മലിനജലം, മണ്ണ്, ചെളി, എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണമെന്നും ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയുടെ പരിചരണത്തിനായി സമിതിയില്‍ നിന്നുള്ള അമ്മമാരെ ആശുപത്രിയില്‍ എത്തിച്ചു. കൊല്ലത്ത് ചിന്നക്കട കുറവന്‍ പാലത്തെ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയില്‍ വലിച്ചറിഞ്ഞത്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയില്‍ സംസ്ഥാനത്ത് വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. വയോജന പദ്ധതികള്‍ സംബന്ധിച്ച് വയോധികരില്‍ അവബോധമില്ലാത്തത് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ തടസ്സമാകുന്നുണ്ടെന്നും അതിനാല്‍ അവബോധം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളര്‍ത്തുന്നതിന് നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 14 ാം തിയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 3 ജില്ലകളിലാണ് യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ജൂലൈ 13 നു തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും 14 നു ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. നാശം വിതച്ച മഴയില്‍ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 42 ആയി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണാലി, കുളു, കിന്നോര്‍, ചമ്പ എന്നിവിടങ്ങളിലെല്ലാം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആളുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയപാത ഉള്‍പ്പെടെ 1300 റോഡുകള്‍ തകര്‍ന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post