നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. നിലവില്‍ തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ആരോ?ഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതി നാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയതനുസരിച്ച് വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കില്‍ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തില്‍ നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം. വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍, വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാര്‍ഥി എന്നിവര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കറ്റത്.
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിന്‍സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കൈകളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ അറസ്റ്റില്‍. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശ്രാമം കുറവന്‍ പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകന്‍, മാരിയമ്മ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ 23 കാരന് മുംബൈയില്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ പുതുജീവിതം. ജോലിക്കായി പോകുമ്പോള്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി പരീക്ഷിച്ചത്. സ്റ്റെന്റ് ഉപയോഗിക്കാതെയായിരുന്നു ശസ്ത്രക്രിയ. രക്തധമനിയില്‍ രക്തം കട്ടപിടിച്ചത് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ നീക്കാനായി. മുംബൈ എല്‍എച്ച് ഹിരാന്‍ന്ദനി ആശുപത്രിയിലായിരുന്നു ചികിത്സ. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദയാഘാത സാഹചര്യങ്ങള്‍ക്ക് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി മികച്ച ചികിത്സാമാര്‍ഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി കരള്‍രോഗത്തെ തുടര്‍ന്ന് മരിച്ചു. 41കാരിയായ മുംബൈ സ്വദേശി നൂറിയ ഹവേലിവാലയാണ് മരണത്തിന് കീഴടങ്ങിയത്. 2010 നടന്ന സംഭവത്തില്‍ ദക്ഷിണ മുംബൈയില്‍വെച്ചായിരുന്നു അപകടം. മരിച്ച രണ്ടാമത്തെയാള്‍ ബൈക്ക് യാത്രികനായിരുന്നു.
ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി ‘ഹോമിയോപ്പതി എവിഡന്‍സ് ബേസ്ഡ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്’ പദ്ധതി നടപ്പിലാക്കി വരുന്നതായും ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചുമായി കരാറില്‍ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി. ആയുഷ് ഹോമിയോപ്പതി വകുപ്പ് 50 -ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തരേന്ത്യയെ മുക്കിയ പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് വിവിധ ഇടങ്ങളിലായി രണ്ടു ദിവസത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ മണാലി മഴയില്‍ ഒറ്റപ്പെട്ടു. ഹിമാചലില്‍ കുടുങ്ങികിടക്കുന്നവരില്‍ 51 മലയാളികളുണ്ട്. ഹിമാചലില്‍ ആറുജില്ലകളില്‍ പ്രളയമുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കുളുവില്‍ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങള്‍ ഒലിച്ചുപോയി. കുളുവില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്ക് ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post