നോക്കാം സുപ്രധാന ആരോഗ്യവാര്‍ത്തകള്‍
അധിക പണം നല്കാത്തതിനാല് ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്. പണം മുന്‍കൂര്‍ നല്കാത്തതിനാല് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ചികിത്സ വൈകി രോഗി മരിച്ചതായി ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് നടപടി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍, പണം മുന്‍കൂറായി നല്‍കിയാലേ ആംബുലന്‍സ് എടുക്കുവെന്ന് താന്‍ നിര്ബന്ധംപിടിച്ചിട്ടില്ലെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ ആന്റണി. മരിച്ച രോഗിയുടെ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം കാത്തുനിന്നതുകൊണ്ടാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്നാണ് ഡ്രൈവറുടെ വാദം. എന്നാല്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട പണം സംഘടിപ്പിച്ച് നല്കാന് അരമണിക്കൂറോളം എടുത്തതാണ് രോഗിയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിന്റെ വസതിയില്‍നിന്ന് കണ്ടെത്തിയത് 15 ലക്ഷത്തി ഇരുപതിനായിരം രൂപ. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സര്‍ജറിക്ക് 3000 രൂപയാണ് ഡോക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ കൈയോടെ പിടികൂടുകയായിരുന്നു. ഷെറി ഐസക്കിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇന്നടക്കം അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 14വരെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 14 നു ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അല്‍ഷീമേഴ്സ് രോഗികളില്‍ ആദ്യ ഘട്ടത്തില്‍തന്നെ രോഗനിയന്ത്രണം സാധ്യമാവുന്ന ലകെംബി എന്ന ഔഷധത്തിനു എഫ് ഡി എ അംഗീകാരം. ഈസായ് ആന്‍ഡ് ബയോജെന്‍ നിര്‍മിച്ച മരുന്നിന്റെ യഥാര്‍ഥ നാമം Lecanemab എന്നാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിലുള്ള രോഗികള്‍ക്കു ധാരണാശക്തി നഷ്ടപ്പെടുന്നത് വൈകിക്കാന്‍ മരുന്നിനു കഴിയുമെന്നാണ് കണ്ടെത്തല്‍. രോഗം ഭേദമായില്ലെങ്കിലും മരുന്നു രോഗിയുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പടുത്തും. രോഗിയുടെ ദൈനംദിന ജീവിതത്തെ മരുന്ന് എങ്ങിനെ ബാധിക്കുമെന്നതു വ്യക്ത്യധിഷ്ഠിതമാണ്.
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്കു നേരെയാണ് കയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. കൂടെ വന്ന വ്യക്തിക്കും ചെവി അടഞ്ഞതിനു മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒ.പി ചീട്ട് എടുക്കാതെ മരുന്ന് നല്കാന് കഴിയില്ല എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കയ്യേറ്റശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സർക്കാർ, സ്വാശ്രയ കോളജുകളിൽ ബി.എസ്സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിച്ചെങ്കിലും ഫൈനൽ കൺഫർമേഷൻ നൽകാത്തവർക്ക് 13ന് വൈകിട്ട് 5നകം കൺഫർമേഷൻ നടത്താൻ അവസരം. 12ന് ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. ഫോൺ: 04712560363, 364.
മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കില്‍ ഒരു ആണ്‍ചീറ്റപ്പുലി കൂടി ചത്തു. ഇതോടെ നാലുമാസത്തിനിടെ ഏഴാമത്തെ ചീറ്റയാണ് ചത്തത്. തേജസ് എന്ന ചീറ്റയുടെ കഴുത്തില്‍ പരുക്കുപറ്റിയതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുറിവുണങ്ങുന്നതിനായി മരുന്നു നല്‍കിയിരുന്നു. എന്നാല്‍ വൈകാതെ ചീറ്റ ചാവുകയായിരുന്നു. ശരീരത്തിലുണ്ടായ പരുക്കിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം എന്താണെന്നു വ്യക്താമാകൂ എന്നും അധികൃതര്‍ അറിയിച്ചു.
വേദന കൊണ്ട് പുളയുന്ന അപൂര്‍വ അവസ്ഥയുമായി ജീവിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ബെല്ല മേസി എന്ന പത്തുവയസ്സുകാരി. അനങ്ങിയാലോ ആരെങ്കിലും സ്പര്‍ശിച്ചാലോ വലത്തേ കാല് മുഴുവന്‍ അസഹ്യമായ വേദനയുമായാണ് ബെല്ല ജീവിക്കുന്നത്. വലതുകാലില്‍ ഉണ്ടായിരുന്ന കുമിളയില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.ആര്.പി.എസ്. അഥവാ കോംപ്ലെക്സ് റീജിയനല്‍ പെയിന്‍ സിന്‍ഡ്രം എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്. ഒരു മനുഷ്യന് അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ അവസ്ഥയാണ് ഇത് എന്നാണ് പറയപ്പെടുന്നത്. വീല്‍ ചെയറിന്റെ സഹായത്താലേ മാത്രമേ ബെല്ലയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കു.
അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ഗീലന്‍ ബാര്‍ സിന്‍ഡ്രോം എന്ന രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ 90 ദിവസത്തേക്ക് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. കണക്കുകള്‍ പ്രകാരം 182 ഗീലന്‍ ബാര്‍ സിന്‍ഡ്രോം കേസുകളാണ് പെറുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 31 രോഗികള്‍ ചികിത്സയിലും 147 പേര് രോഗമുക്തരാവുകയും ജനുവരി, മാര്‍ച്ച്, മേയ് മാസങ്ങളിലായി നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഉതകുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് പെറു ആരോഗ്യമന്ത്രി സീസര്‍ വാസ്ക്വിസ് പറഞ്ഞു.
ഡി.എം.ഡി. അഥവാ ഡുഷേന്‍ മസ്കുലര്‍ ഡിസ്ട്രോഫി എന്ന പേശികളെ തളര്‍ത്തുന്ന മാരക ജനിതകരോഗത്തെ സവിശേഷ ഭക്ഷ്യവസ്തുക്കള്‍ വഴി ചെറുക്കുന്നതിനുള്ള വിദ്യയുമായി തമിഴ്നാട്ടിലെയും ജപ്പാനിലെയും ഗവേഷകര്‍ രംഗത്ത്. ഒരിനം യീസ്റ്റില്‍നിന്ന് വിഘടിപ്പിച്ചെടുക്കുന്ന ന്യൂ റെഫിക്സ് എന്ന പദാര്‍ഥം ഭക്ഷണത്തിനൊപ്പം കഴിക്കുന്നതുവഴി അസുഖം മൂര്‍ച്ഛിക്കുന്നത് തടയാനാവുമെന്നാണ് കണ്ടെത്തല്‍. നിലവിലുള്ള ചികിത്സയെക്കാള്‍ വളരെ ചെലവുകുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കഴിഞ്ഞദിവസം മലപ്പുറത്ത് ഒരു വീട്ടിലെ നാലുപേര്‍ ജീവനൊടുക്കിയത് ഈ രോഗത്തെക്കുറിച്ചുള്ള ആശങ്ക കാരണമാണെന്നാണ് സംശയിക്കുന്നത്.
അനാരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നത് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. Population Health Research Institute ല്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണരീതി പിന്തുടരാതെ സ്ഥിരമായി അനാരോഗ്യകരമായ ഡയറ്റ് ശീലമാക്കിയവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വികസിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്കരിക്കാത്ത ഭക്ഷണങ്ങളും മറ്റും മിതമാക്കണമെന്നും ഗവേഷകര്‍ പറയുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി 2,45,000 പേരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് വിലയിരുത്തല്‍.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി doctorlivetv സബ്സ്ക്രൈബ് ചെയ്യുക
Discussion about this post