നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിൽസിച്ചു ഭേദമാക്കാനുള്ള പദ്ധതിയായ ഹൃദ്യത്തിനെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വ്യാജവാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട എന്നും ഒരു ദുഷ്ടമനസിനെയും അതിനു അനുവദിക്കില്ലായെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.
തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം. സ്കൂൾ വിട്ട് വീട്ടിലേക്ക് അമ്മയുടെ കൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു പെരിങ്ങര വൃന്ദാവനത്തിൽ കൃഷ്ണപ്രിയയ്ക്ക് കടിയേറ്റത്. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമകാരിയായ നായ ചില നായക്കുട്ടികളെ കടിച്ചു കൊന്നതായും നാട്ടുകാർ പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട് ജില്ലകളിൽ ഓറഞ്ചു അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴ പ്രവചിച്ചതിനാൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ ഉത്ഘാടനം ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. ഫൈവ് ജി സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സംവിധാനം വടക്കൻ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുക. ആസ്റ്റർ മിംസ് ആശുപത്രി നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട് ഉത്തരകേരളത്തിലെ 50-ഓളം ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച ചികിത്സ നൽകാൻ ഇതുവഴി കഴിയും.
സംസ്ഥാനത്തു പനിബാധിച്ചു ഇന്നു രണ്ടുമരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിതുര മേമല സ്വദേശി സുശീലയും വെഞ്ഞാറമൂട് നീറുമൺകടവ് സ്വദേശി രവീന്ദ്രൻ നായരുമാണ് മരിച്ചത്. മഴ കനത്തതോടെ സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. എലിപ്പനി, ഡങ്കിപ്പനി, എച്ച് വണ്‍ എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, ജലദോഷം, ചുമ, തലവേദന, പേശിവേദന, സന്ധിവേദന എന്നിവ ഡങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ വീടുകളിൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,യൂണിഫോം എന്നീ ആവശ്യങ്ങൾ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ആരോഗ്യവർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post