നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി താന്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത് മെഡിക്കല്‍ കോളജില്‍ നേരിട്ടുചെന്നപ്പോഴാണ്. മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെണ്‍കുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. സംവരണവിഭാഗത്തില്‍പെട്ട കുട്ടി വിവിധ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്‍കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യ ഗഡുവായി 10,000 രൂപ ഓണ്‍ലൈന്‍ ആയി അടക്കുകയും ചെയ്തു. 2022 നവംബറില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. കോളേജില്‍ വരാന്‍ നിര്‍ദേശിച്ച് 3 പ്രാവശ്യം ഇമെയില്‍ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചു. എന്നാല്‍, വീണ്ടും ഇത്തരത്തില്‍ മെയില്‍ വരുകയും പിന്നീട് വരേണ്ട എന്ന് അറിയിക്കുകയും ചെയ്തതോടെ സംശയം തോന്നിയ കുട്ടി മെഡിക്കല്‍ കോളേജില്‍ നേരിട്ട് എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.
രാജ്യത്തെ ഡോക്ടര്‍മാരില്‍ 82 ശതമാനം പേരും മാനസികസമ്മര്‍ദം നേരിടുന്നതായി പഠനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലര്‍ക്കും ജോലിയോട് മനംമടുപ്പ് ഉണ്ടാകുന്നതായും ഏകാഗ്രതയോടെ ദീര്‍ഘനേരത്തെ ജോലി, ക്ഷീണിപ്പിക്കുന്ന ജോലിഭാരം, വലിയ ഉത്തരവാദിത്വം എന്നിവ പലരെയും പ്രയാസത്തിലാക്കുന്നതായും പഠനം പറയുന്നു. ദിവസേന ഏഴുമണിക്കൂര്‍ ഉറങ്ങുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും ദിവസം 40 മുതല്‍ 60 വരെ രോഗികളെ കാണുന്നത് ഡോക്ടര്‍മാരില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.
ഇത്തവണത്തെ സംസ്ഥാന ഡോക്ടേഴ്‌സ് അവാര്‍ഡിന് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മാര്‍ഗരേഖ തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായും ആഗസ്റ്റ് 15ന് അവാര്‍ഡ് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് ഇവിടെ നല്‍കിയത്. മികച്ച സേവനം നല്‍കിയ കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖാ്യപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയില്‍ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനി ബാധിത മേഖലകളുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേരളത്തിലടക്കം അതിമാരക ലഹരിയായി കരുതപ്പെടുന്ന എംഡിഎംഎയും മാജിക് മഷ്റൂമും മാനസിക രോഗ ചികിത്സയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍, വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് എംഡിഎംഎയോ മാജിക് മഷ്റൂമോ ഉപയോഗിച്ചുള്ള ചികിത്സ നല്കാമെന്ന് ഓസ്‌ട്രേലിയ തെറാപ്യൂട്ടിക്ക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറിലൂടെ കടന്നുപോകുന്നവര്‍ക്ക് എംഡിഎംഎയും വിഷാദരോഗികള്‍ക്കായി മാജിക് മഷ്റൂമുമാണ് അനുവദിക്കപ്പെട്ടത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സിലോസൈബിന്‍ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പല രോഗികളിലും ഈ ലഹരിമരുന്ന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിയമവിധേയമാക്കുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ് ക്രൈബ് ചെയ്യുക.
Discussion about this post