സംസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍, നോക്കാം സുപ്രധാന വാര്‍ത്തകള്‍
ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. രോഗം ബാധിച്ച് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമായിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നടി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു. ഈ മാസം തന്നെ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയാല്‍ ജൂലൈ മാസത്തോടെ ഡെങ്കിയുടെ വ്യാപനം തടയാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുന്‍പ് എലിപ്പനി സ്ഥിരീകരിക്കാന്‍ ഏഴ് ദിവസം വരെ സമയം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടപ്പിലാക്കിയത് വഴി മണിക്കൂറുകള്‍ക്കകം തന്നെ എലിപ്പനി സ്ഥിരീകരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക , ലക്ഷദ്വീപ് തീരങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. വരുന്ന അഞ്ചുദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കും, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തില്‍ നല്‍കാനാണ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ക്ലാസ് അവിടനല്ലൂര്‍ എല്‍.പി സ്‌കൂളില്‍ വെച്ചു നടക്കുകയുണ്ടായി. പഞ്ചായത്തിലെ കൂടുതല്‍ ആളുകള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുരേഷ് പറഞ്ഞു.
കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെ മകന്‍ ജോഷിന്റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മെയ് 11 നായിരുന്നു കുട്ടിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നതായും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം മുടങ്ങുന്നതും, ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമാണ് കണ്ണൂരിലെ ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാകുന്നത്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ശമ്പളം മുടങ്ങുന്നതിനു കാരണം. ഫണ്ടിന്റെ കുറവും സാങ്കേതിക പ്രശ്‌നങ്ങളും പറഞ്ഞ് ശമ്പള വിതരണം തടസപ്പെടുത്തുന്നതിനെതിരെ ഡോക്ടര്‍മാര്‍ സമരരംഗത്താണ്. ശമ്പള പരിഷ്‌ക്കരണവും ഡി.എ വര്‍ദ്ധനയും നടപ്പാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേരളത്തിന് പിന്നാലെ മഴയില്‍ മുങ്ങി ചെന്നൈ നഗരം. പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും, പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവറിയിച്ചെത്തിയ മഴ മണിക്കൂറുകളോളം ശക്തമായി പെയ്തു. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാഞ്ചീപുരം, ചെങ്കല്‍പട്ട്, കടലൂര്‍, തിരുച്ചി, പേരാമ്പ്ര എന്നിവയുള്‍പ്പെടെ 13 ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയുണ്ടായി.
വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തി. തുടര്‍ന്ന് അവയവദാനത്തില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് ലേക് ഷോര്‍ ആശുപത്രിക്കെതിരെ ഡോക്ടര്‍ ഗണപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. എന്നാല്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രസവത്തിന് ശേഷമുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍, കുട്ടിയെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ അല്ലെങ്കില്‍ ഒരു നല്ല രക്ഷിതാവാകുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠ എന്നിവ പുരുഷന്മാരില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഒരു കുഞ്ഞിനായി തയാറെടുക്കുമ്പോള്‍ പങ്കാളികള്‍ക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണെന്നും അതിലൂടെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ സാധ്യത ഇല്ലാതാക്കാമെന്നും പഠനം പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post