നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് ചെമ്പേരി സ്വദേശി ലതയെ പാമ്പ് കടിച്ചത്. വാടകകൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാവാം എന്നാണ് നിരീക്ഷണം. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലത അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 276 പേരില്‍ രോഗലക്ഷണം കണ്ടെത്തി. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. അതേസമയം, എറണാകുളം ജില്ലയില്‍ മാത്രം 33 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ച നിലമേല്‍ സ്വദേശി മുഹമ്മദ് റാഫിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്താണ് കടിയേറ്റിരുന്നത്. പരിക്കേറ്റതിന് പിന്നാലെ പ്രാഥമിക ചികിത്സ ലഭ്യമാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് റാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് റാഫി മരണത്തിന് കീഴടങ്ങിയത്. പിന്നീട് നടന്ന പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം പേവിഷബാധയാണെന്നു സ്ഥീരീകരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ഒന്‍പതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അവിടെ തന്നെ ചികിത്സ തേടുകയായിരുന്നു. തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് ശരീരത്തില്‍ മുറിവേറ്റ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. നായയില്‍ നിന്നു പരുക്കേറ്റപ്പോള്‍ തന്നെ യുവതി ചികിത്സ തേടാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക സൂചന.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴകാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷന്‍ മല്‍സ്യയുടെ ഭാഗമായി ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മല്‍സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മല്‍സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ മല്‍സ്യയുടെ ഭാഗമായി 7 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനക്ക് വിധേയമാക്കുകയും 269 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം. ഫിന്‍ലാന്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 23,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2018 ഓടെ സര്‍വേയില്‍ പങ്കെടുത്ത 8,728 പേര്‍ മരിക്കുകയും ചെയ്തു. വൈകി ഉറങ്ങുന്ന ആളുകളില്‍ മരണസാധ്യത കൂടുതലാണെന്നും അപകടകരമായ പെരുമാറ്റം ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. നേരത്തെ ഉണരുന്നവരെ അപേക്ഷിച്ച് രാത്രി വൈകി ഉറങ്ങുന്നവരില്‍ 9 ശതമാനം മരണ സാധ്യത കൂടുതലാണ്. രാത്രി വൈകി ഉറങ്ങുന്നവരില്‍ പുകവലിയും മദ്യപാനവും കൂടുതലാണെന്നും ഇത് ആരോഗ്യം കൂടുതല്‍ മോശമാവാന്‍ കാരണമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു. അതേസമയം പുകവലിക്കാത്തവരില്‍ മരണസാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. അസ്വസ്ഥത, ദേഷ്യം, ക്ഷീണം, ശ്രദ്ധക്കുറവ്, എന്നിവയൊക്കെ രാത്രി ഉറങ്ങാത്തവരില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ക്രോണോബയോളജി ഇന്റര്‍നാഷണല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗംഗ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ചുഴലിക്കാറ്റുകള്‍. ഈ കാറ്റടിക്കുന്ന മേഖലയില്‍ കേരളമില്ലെങ്കിലും പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാദ്ധ്യതയുള്ളതായും ലോക കാലാവസ്ഥ സംഘടന മുന്നറിയിപ്പ് നല്‍കി. ഈ ചുഴലിക്കാറ്റുകള്‍ ഇന്ത്യയില്‍ വിനാശകരമായ കാലാവസ്ഥ മാറ്റങ്ങള്‍ക്കും ജനജീവിതം ദുസഹമാക്കുന്നതിനും സാധ്യതയുള്ളതായി യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും സൂങ്‌സില്‍ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ് ഫോര്‍ ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ് വകുപ്പും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്റെ ഭാഗമായി കൊറിയയിലെ 30നും 75നും ഇടയില്‍ പ്രായമുള്ള 2.43 ദശലക്ഷം പേരുടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോതും ഹൃദ്രോഗസാധ്യതയും വിലയിരുത്തി. എല്‍ഡിഎല്‍ തോത് 70 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററിനു താഴെയുള്ളവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തി. എല്‍ഡിഎല്‍ കുറയുന്നവരില്‍ നീര്‍ക്കെട്ട് വര്‍ധിക്കുന്നതാകാം ഹൃദയാഘാത, പക്ഷാഘാത സാധ്യത കൂട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടിന്റെ സൂചകമായ സി-റിയാക്ടീവ് പ്രോട്ടീന്‍ തോത് എല്‍ഡിഎല്‍ വളരെ കുറഞ്ഞവരില്‍ കൂടിയിരിക്കുന്നതായും ഇവര്‍ കണ്ടെത്തി. ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളില്‍ പുത്തനുണവര്‍വ് പകര്‍ന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ‘ഹെല്‍ത്തി കിഡ്‌സ്’. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തില്‍ ഹെല്‍ത്തി കിഡ്‌സിനെ സ്പോര്‍ട്സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രൈമറി തലത്തില്‍ കായികം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രവര്‍ത്തന പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര കായിക പരിപോഷണവും കായിക സാക്ഷരതയുമാണ് പദ്ധതിയുടെ ലക്ഷ്യം. കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആര്‍.ടിയാണ് പദ്ധതി വികസിപ്പിച്ചത്.
മെഡിസെപ് ഡാറ്റയില്‍ തിരുത്തലുകളോ കുട്ടിച്ചേര്‍ക്കലുകളോ വരുത്തുന്നതിന് ജൂണ്‍ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്. 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വര്‍ഷം 2023 ജൂണ്‍ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വര്‍ഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും വിരമിച്ച പെന്‍ഷന്‍കാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ല്‍ ഉള്‍പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില്‍ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍, ജീവനക്കാര്‍ ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കും പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ക്കും ജൂണ്‍ 20നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ഗുജറാത്തില്‍ വന്‍ നാശനഷ്ടം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഇരുട്ടിലായ ആയിരത്തിലേറെ ഗ്രാമങ്ങളിലെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്. അതേസമയം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമില്ലാതാകുന്നതോടെ അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം മെച്ചപ്പെടുമെന്നും, ചൊവ്വാഴ്ചയോടെ മഴ കൂടുതല്‍ ശക്തമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ 15 ഓളം വിദഗ്ധ ശാസ്ത്രജ്ഞരടങ്ങുന്ന അഡൈ്വസറി ബോര്‍ഡാണ് 1990കളിലേതിനേക്കാള്‍ ഹരിതഗൃഹ വാതക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന സാഹചര്യം കുറയ്ക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആകെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 95 ശതമാനം വരെ കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമെന്ന നിലയ്ക്ക് ഹൈഡ്രജനെ ആശ്രയിക്കുക, 2030 ഓടെ വൈദ്യുതി രംഗത്ത് നിന്നും പൂര്‍ണമായും കല്‍ക്കരി മാറ്റുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് 2040-ല്‍ പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനായി അഡൈ്വസറി സംഘം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post