നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതും, സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഒന്‍പത് എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും മഴക്കാല രോഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതല്‍ പനിവാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ മരുന്നുകള്‍ വ്യാപകമായി നല്‍കുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാന്‍ വിമുഖത കാട്ടുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടിപ്പുകള്‍ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇവയ്ക്കൊപ്പം കടുത്ത വയറുവേദന, ശ്വാസ തടസം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. യോഗത്തില്‍ ഉഷ്ണ തരംഗ പ്രതിരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യുപി, ബിഹാര്‍, തമിഴ്‌നാട്, മധ്യപ്രദേശ് ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗളാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിതീവ്ര ഉഷ്ണതരംഗ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
17,500 രൂപയുടെ ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈ അന്ധേരിയില്‍ നടന്ന സംഭവത്തില്‍ യുവതിയെ മുഖത്തെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞ നിലയിലാണ്. ജൂണ്‍ 17നാണ് യുവതി ഹൈഡ്രാ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ ചെയ്യുന്നിനിടെ മുഖത്ത് ബുദ്ധിമുട്ടുണ്ടായതായും ഇത് ജീവനക്കാരെ അറിയിച്ചതായും യുവതി പറയുന്നു. എന്നാല്‍ ജീവനക്കാര്‍ ഇത് കാര്യമാക്കിയില്ല. പൊള്ളലേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി.
ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം. പോസ്റ്ററില്‍ മാസ് ലുക്കിലുള്ള താരം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരത്തെ വിമര്‍ശിച്ച് രാജ്യസഭാംഗം അന്‍പുമണി രാമദോസും രംഗത്തെത്തി. പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണമെന്ന് എം.പി ട്വീറ്റ് ചെയ്തു. കുട്ടികളും വിദ്യാര്‍ത്ഥികളും വിജയുടെ ചിത്രങ്ങള്‍ കാണുന്നവരാണെന്നും, താരത്തിന്റെ നടപടി തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് വിമര്‍ശനം ഉയരുന്നത്. മുന്‍പും വിജയ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ക്ക് എതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. തീ പൂര്‍ണമായും അണച്ചിട്ടില്ല. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം പരിശോധന നടത്തി വരികയാണ്.
മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്‍ കുഴിമണ്ണ പഞ്ചായത്തിലും ജൂണില്‍ പോരൂര്‍ പഞ്ചായത്തിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നു. ഡെങ്കിപ്പനിക്കും എലിപ്പനിക്കും ഒപ്പം വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വണ്ടൂര്‍, മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 78 കേസുകളും മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍ ക്യാംപയിനോടെയാകും തുടക്കം. ജില്ലയുടെ നോഡല്‍ ഓഫീസറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ ഡയറക്ടറുമായ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹ്രസ്വകാല, ദീര്‍കാല അടിസ്ഥാനത്തില്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘നഗരം സുന്ദരം’ ക്യാംപയിന്‍ ആരംഭിക്കുന്നതെന്ന് എം.ജി രാജമാണിക്യം പറഞ്ഞു. രണ്ടു വര്‍ഷത്തിനകം ജില്ലയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
പാലക്കാട് അയിലൂരില്‍ ഇന്നലെ പിടിയിലായ പുലിയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും. പുലിക്ക് ബാഹ്യമായ പരിക്കുകളിലെങ്കിലും അവശതയുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഒരു വയസുളള ആണ്‍ പുലിയെയാണ് ഇന്നലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപം കണ്ടെത്തിയത്. 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടി വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റാനായത്.
കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഏതാനും ദിവസം മുന്‍പായിരുന്നു ഇതേ പഞ്ചായത്തില്‍ 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post