നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം, തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് മൂന്ന് പല്ലുകള്‍ നഷ്ടമായി. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്ന കുട്ടി നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ കുട്ടിക്ക് തുടര്‍ ചികിത്സ നല്‍കി വരികയാണ്.
മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടേണ്ടതാണെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ദേശിയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധികരിച്ചു. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം ശ്രമത്തിലായിരുന്നു ആര്യയുടെ ഈ സുവര്‍ണ്ണനേട്ടം. ദേശീയതലത്തില്‍ 23-ാം റാങ്കും പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ആര്യ കരസ്ഥമാക്കി. ആര്യ താമരശ്ശേരി അല്‍ഫോന്‍സ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. താമരശ്ശേരി തൂവക്കുന്നുമ്മല്‍ രമേഷ് ബാബു – ഷൈമ ദമ്പതികളുടെ മകളാണ്.
രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി. പനവേലില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനിക്കും കുടുംബത്തിനുമാണ് ട്രയിനിലെ ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലില്‍ നിന്ന് യുവതിയും കുടുംബവും ട്രെയിനില്‍ കയറിയത്. ഇവര്‍ സീറ്റിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. രാവിലത്തെ ഭക്ഷണവും വളരെ വൈകിയാണ് നല്‍കിയതെന്നും യുവതി പറഞ്ഞു. വൈകിയത് എന്താണെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് സ്പെഷലായി ഉണ്ടാക്കിയെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടെയുള്ളവരോട് കഴിക്കരുതെന്ന് പറഞ്ഞതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നത്തില്‍ ബോഗിയിലുണ്ടായിരുന്ന ആര്‍മി ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് മാലിന്യത്തില്‍ നിന്നെടുത്താണ് ഭക്ഷണം നല്‍കിയതെന്ന ജീവനക്കാര്‍ പറഞ്ഞത്. സംഭവത്തില്‍ മാപ്പ് പറയുന്നതിന് പകരം പുറത്ത് പറയരുതെന്നും ഒത്തുതീര്‍പ്പാക്കണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും യുവതി പറഞ്ഞു. അതേസമയം, പരാതിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം. 140 കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും, രാജ്യസുരക്ഷയും കേന്ദ്രസര്‍ക്കാര്‍ കാര്യമാക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. രാജ്യത്ത് വിവരചോര്‍ച്ച വലിയതോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ അടക്കം ഉദ്ധരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കൊവിന്‍ ഡാറ്റ ചോര്‍ച്ചയുണ്ടായി എന്നത് വ്യക്തമാണെന്നും,? ഇന്ത്യക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനഥെ പറഞ്ഞു. വിഷയത്തില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി വ്യക്തമാക്കി ദി ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതെന്നും നടന്‍ അറിയിച്ചു. പി.എസ്.എ. ടെസ്റ്റ് നടത്തിയതിനു ശേഷമാണ് പ്രോസ്റ്റേറ്റ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ഒന്നിച്ചു ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ താന്‍ സ്ഥിരമായി പരിശോധന നടത്തുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മൂന്ന് മാസം കൂടുമ്പോഴും പി.എസ്.എ. പരിശോധന നടത്തി വരികയാണെന്നും ക്യാന്‍സര്‍ ആരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായി പ്രോസ്റ്റേറ്റ് കാന്‍സര്‍ യു.കെ. എന്ന ചാരിറ്റി സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് താരം.
കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൗമാരകാലഘട്ടത്തില്‍ മദ്യത്തിനു അടിമപ്പെടുന്നത് മസ്തിഷ്‌ക കോശങ്ങളെ സാരമായി ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മസ്തിഷ്‌കം വികസിച്ചു കൊണ്ടിരിക്കുന്ന പ്രായമായതിനാല്‍ ഈ കാലഘട്ടത്തിലെ മദ്യപാനം മസ്തിഷ്‌കത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നും സിഗ്‌നലുകള്‍ നല്‍കുന്നതിലും ആശയവിനിമയം നടത്തുന്നതിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. ഇത് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകാമെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോഫാര്‍മകോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധികരിച്ചത്.
തിരുവനന്തപുരത്ത് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ. ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി ചിക്കുന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ അറിയിച്ചു. തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പഠനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂര്‍, കുളത്തൂര്‍, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡിഎംഒ അറിയിച്ചു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയെ തുടര്‍ന്ന് ഐപിസി 337 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെല്‍ ഫോം ആണിതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചപ്പോള്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഷബാന പറഞ്ഞു. തുടര്‍ന്ന് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയതിനു ശേഷം മൂത്രമൊഴിച്ചപ്പോള്‍ പഞ്ഞി പുറത്ത് വരികയായിരുന്നു. ചികിത്സയില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ഷബാന പരാതി നല്‍കി.
കര്‍ണാടകയില്‍ കെ ആര്‍ പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നു. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നതായാണ് വിവരം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നെങ്കിലും കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post