നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍,
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തില്‍ വിലയിരുത്തി. ജില്ലയില്‍ ഈ വര്ഷം ഇതുവരെ എട്ട് ഡെങ്കിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴയ്ക്ക് കാരണമാണ്. കടല്‍ തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുന്നതായിരിക്കും. അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയാതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ വര്ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഹൃദ്യം പദ്ധതി വഴി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കൂടുതല്‍ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചതായും കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് വഴി കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഹൃദ്യം പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന 8 പേരെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരുന്നത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചിട്ടുള്ളത്. ഇവരുടെ തുടര്‍പരിചരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കോളജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവും നല്‍കി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹോമുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിവരുടെ പുനരധിവാസം അധികൃതര്‍ ഉറപ്പാക്കി വരികയാണ്.
സംസ്ഥാനത്ത് വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം. മൂന്നുലക്ഷത്തോളം തെരുവു നായകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബര്‍മുതല്‍ 2023 ജൂണ്‍ 11 വരെ 32,061 തെരുവുനായകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. അതെ സമയം 4,38,473 വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പു നല്‍കിയതായും മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 14 ജില്ലകളിലെ 19 കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കാണിത്. പത്തനംതിട്ടയില്‍ 12 വയസ്സുകാരി അഭിരാമി പേവിഷബാധയേറ്റ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് തെരുവുനായ വന്ധ്യംകരണം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയത്. വന്ധ്യംകരണ ശസ്ത്രക്രിയ വഴി തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നീക്കിവെച്ചത് 10.36 കോടി രൂപയാണ്. തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നാണ് തെരുവ്‌നായ വന്ധ്യംകരണ പ്രതിരോധ വാക്സിന്‍ നടപടികള്‍ തീരുമാനിച്ചത്. നായകളെ ആരുപിടിക്കും, പരിപാലനം ഏതുവകുപ്പു നടത്തും തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കമുയര്‍ന്നതോടെ പദ്ധതി മന്ദഗതിയിലായി.
പാലക്കാട് കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഫാര്‍മസിസ്റ്റ് കംപ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയായിരുന്നു സംഭവം. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇവരെ അമ്പലപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റി. തലയില്‍ സ്റ്റിച്ചിടുകയും ഇവരെ സ്‌കാനിങ്ങിന് വിധേയയാക്കുകയും ചെയ്തു.
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം. ബിഎംസി കാന്‍സറില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അര്‍ബുദ സാധ്യത കുടുതലെന്നും പഠനത്തില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, അന്നനാളിയിലെ അര്‍ബുദം, വായിലെ അര്‍ബുദം, വയറിലുണ്ടാകുന്ന അര്‍ബുദം എന്നിവയാണ് ഇന്ത്യയിലെ കൂടുതലാളുകളെയും ബാധിക്കുന്ന അഞ്ച് അര്‍ബുദങ്ങള്‍.
ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമൊപ്പം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരും മറ്റ് ചില സ്ഥാപനങ്ങളും സഹകരിച്ച് ദേശീയതലത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരില്‍ 35.5 ശതമാനം രക്താതിസമ്മര്‍ദവും 11.4 ശതമാനം പ്രമേഹവും ഉള്ളതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 15.3 ശതമാനം ഇന്ത്യക്കാര്‍ പ്രമേഹത്തിന് മുന്‍പുള്ള പ്രീ ഡയബറ്റിക് ഘട്ടത്തിലാണെന്നും 81.2 ശതമാനം പേര്‍ക്കും എല്‍ഡിഎല്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ തമ്മില്‍ സന്തുലനമില്ലാത്ത അവസ്ഥയായ ഡിസ് ലിപിഡിമിയ ഉണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008നും 2020നും ഇടയില്‍ നടത്തിയ സര്‍വേയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1,13,043 പേര്‍ പങ്കെടുത്തു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post