നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
പത്തനംതിട്ട ഐത്തല ചെറുകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു ഒരു വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്. ബഥനി ആശ്രമം ഹൈസ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് സൂചന. കുട്ടികളുമായി ആദ്യ ട്രിപ്പ് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ റോഡിന്റെ ഇടതുവശത്തെ കല്ലില്‍ ടയര്‍ കയറി നിയന്ത്രണം വിട്ട ബസ്, വലതുവശത്തേക്ക് മറിയുകയായിരുന്നു.
പുല്ല് മൂടിക്കിടന്നതിനാലാണ് റോഡിലെ കല്ല് ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നാണ് വിവരം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെയും തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.
ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കുണ്ടായ ഇടിമിന്നലേറ്റ് പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വീടുകളിലെന്ന് പഠനം. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിനുകാരണം ചികിത്സ വൈകുന്നതാണെന്നും പഠനത്തിൽ പറയുന്നു. ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആദ്യ മണിക്കൂറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരല്ല എന്നും ഹൃദയാഘാതവും സ്‌ട്രോക്കും പോലുള്ള അത്യാഹിതം സംഭവിക്കുന്ന രോഗികളിൽ ചെറിയൊരു വിഭാഗം മാത്രമേ കൃത്യ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ എത്താറുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു. 2019 ജൂലൈ 1നും 2020 ജൂൺ 30നും ഇടയിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ കണക്ക് പഠനത്തിനായി ശേഖരിക്കുകയും 2,466 മൃതദേഹപരിശോധനകൾ പഠനത്തിനായി വിലയിരുത്തുകയും ചെയ്തു. ഇതിൽ ഹൃദയയാഘാതവും സ്ട്രോക്കും മൂലം മരിച്ചവരിൽ കൃത്യമായ ചികിത്സ തേടുന്നതിൽ കാലതാമസമുണ്ടായെന്ന് വ്യക്തമായി. മരിച്ചവരിൽ 10.8 ശതമാനം പേർ മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ആരോഗ്യകേന്ദ്രത്തിൽ എത്തിയത്. മരണങ്ങളിൽ 55 ശതമാനവും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലമാണെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നു ആരോഗ്യമന്ത്രി വീണ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ പനി ക്ലിനിക്കുകളും പനി വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിച്ച് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലയെന്നും ഡോക്ടറുടെ സേവനം തേടേണ്ടതാണ്ണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിനുവേണ്ടി നടത്തിയ ഉന്നതതല യോഗത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട് വടക്കഞ്ചേരിയില്‍ മയക്ക്മരുന്നുമായി രണ്ട്‌പേര്‍ പിടിയിൽ. പുതുപ്പരിയാരം സ്വദേശി ആദര്‍ശ്, മുട്ടികുളങ്ങര സ്വദേശി സര്‍വേഷ് എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. വടക്കഞ്ചേരി lHRD കോളേജിന് സമീപത്ത് മാരകമയക്കുമരുന്നായ മെത്താഫിറ്റാമിന്‍ വില്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ രഹസ്യമായി വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂണ്‍ 6ഓടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.
സംസ്ഥാനത്ത് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്നു സർക്കാർ. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തും. അപകടം, രോഗം മുതലായവമൂലം വൈകല്യങ്ങൾ സംഭവിച്ച് വീടുകളിൽ കഴിയേണ്ടി വരുന്നവരെ പൊതുജന പങ്കാളിത്തത്തോടെ സാമൂഹ്യപരമായും തൊഴിൽപരമായും പുനരധിവസിപ്പിക്കുന്നതിന് മറ്റു വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ സമഗ്ര പുനരധിവാസനയം രൂപീകരിക്കും.ഐസൊലേഷന്‍ വാർഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
എറണാകുളം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ബയോബിന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിനാണ് ജില്ലാ ശുചിത്വ മിഷന്‍ എല്ലാ ഓഫീസികളിലും ബയോബിന്‍ വിതരണം ചെയ്യുന്നത്.
കെഎംഎസ്‍സിഎൽ തീപിടുത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്നും സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെയ് 17 ന് കൊല്ലം മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു. ബ്ലീച്ചിങ് പൗഡർ കത്തിയാണ് തീപിടുത്തമുണ്ടായതെന്നാണ് ഗോഡൗണ്‍ ജീവനക്കാർ അറിയിച്ചത്. പിന്നീട് ആലപ്പുഴയിലെയും വണ്ടാനത്തെയും മരുന്ന് സംഭരണ ശാലകളിൽ തീപിടിത്തമുണ്ടായിരുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post