നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മീഷണറുടെ വെളിപ്പെടുത്തൽ. പൊലീസ് ക്വട്ടേഴ്സിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലഹരിയുടെ ഉപയോഗം വർധിക്കുകയാണെന്നും ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണെങ്കിലും പെട്ടെന്ന് തന്നെ വർധിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡോക്ടർമാരോടുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ബാലരാമപുരം സ്വദേശി സുധീർ ആണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഡോക്ടർമാരുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസാണിത്. പ്രതിയുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരുന്നതിനിടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറി. ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡോക്ടർമാരെ അസഭ്യം പറഞ്ഞതായും പറയുന്നു. സന്തോഷിന്റെ കഴുത്തിൽ കുത്തിപിടിച്ചു. ഇത് തടയാൻ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.
വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്. വീടുകളിൽ നിന്ന് മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. വീട്ടിലെ ഭക്ഷണ അവശിഷ്‌ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇതുമൂലം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി പരാതി ലഭിച്ചിരുന്നു. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സി.സി.ടി.വി പരിധിയിൽ ആക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദ്ദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രി അറിയിച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി നംഷിദാണ് പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും മയക്കുമരുന്നു വില്പന നടത്തിയത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥയ്ക്ക് സാധ്യയുള്ളതിനാൽ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. മെയ് 26 മുതൽ 28 വരെ കേരള – ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post