നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കോവിഡിനു പിന്നാലെ ‘ഡിസീസ് എക്സ്’ ആശങ്കയിൽ ലോകം. കോവിഡിനേക്കാൾ മാരകമായ രോഗം വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാ പട്ടികയിലാണ് ഡിസീസ് എക്സ്’ എന്ന രോഗത്തെക്കുറിച്ച് ഭീതിയുയർത്തുന്നത്. എബോള, സാർസ്, സിക തുടങ്ങിയ മഹാ വ്യാധികൾ പട്ടികയിലുണ്ടെകിലും ഡിസീസ് എക്സ് എന്നു പേരിട്ട രോഗത്തെക്കുറിച്ചാണ് ആശങ്കയും അവ്യക്തതയും നിലനിൽക്കുന്നത്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്ത, വരാനിരിക്കുന്ന ആഗോള മഹാമാരിയെയാണ് ഡിസീസ് എക്സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നതാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ഫലപ്രദമായ ചികിത്സയും ഡിസീസ് എക്സിനില്ല. 2018-ലാണ് ഡിസീസ് എക്സ് എന്ന പദം ഡബ്ല്യു.എച്ച്.ഒ. ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഒരു വർഷത്തിനുശേഷമാണ് ലോകത്ത് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്. ‘ഡിസീസ് എക്സ്’ മൃഗങ്ങൾ വഴി മനുഷ്യനിലെത്താനാണ് സാധ്യതയെന്ന് ചിലർ പറയുമ്പോൾ മനുഷ്യനുണ്ടാക്കുന്ന രോഗകാരിയായിരിക്കുമിതെന്ന് മറ്റുചിലരും വാദിക്കുന്നുണ്ട്.
രാജ്യത്തിന് വീണ്ടും മാതൃകയായി എറണാകുളം ജനറൽ ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പദ്ധതി ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയില്‍ സങ്കീര്‍ണമായ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നത്. മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പതിവായി നടത്താനുള്ള സൗകര്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനകം ബൈപ്പാസും, വാല്‍വ് മാറ്റി വയ്ക്കലും ഉള്‍പ്പെടെ 5 മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറികളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കുതന്നെ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. സ്വകാര്യ ആശുപത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയുടെ സേവനം ആവശ്യമായി വരുകയാണെങ്കിൽ വിട്ടു നല്കാൻ തയ്യാറാണെന്നും എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ചെലവ് മാനേജ്‌മെന്റ് വഹിക്കണം എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.
തലച്ചോറിൽ വളരുന്ന അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകര്‍. തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന അര്‍ബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. തലച്ചോറിലെ മുഴ നേരത്തെ കണ്ടെത്തി രോഗികളുടെ അതിജീവന നിരക്ക് വർധിപ്പിക്കാനും ഈ പരിശോധന സഹായിക്കും. രോഗം ഇതുവരെ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള ഉപാധികളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ഗാലക്ടിന്‍-3 എന്ന ബൈന്‍ഡിങ് പ്രോട്ടീനിന്റെ സാന്നിധ്യം രക്തത്തില്‍ തിരിച്ചറിയുക വഴി ഗ്ലിയോമ മുന്‍കൂട്ടി കണ്ടെത്താനും, ട്യൂമര്‍ വളര്‍ച്ചയുടെ തീവ്രത അറിയാനും കഴിയുന്ന ചെലവ് കുറഞ്ഞ രക്ത പരിശോധനയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2017ല്‍ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി രോഗികളുടെ പ്ലാസ്മയില്‍ നിന്ന് പ്രോട്ടീനുകള്‍ വേര്‍തിരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം.
ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകി വീണ്ടും കേരളം മുന്നിൽ.
സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെ 3030 കോടി രൂപയുടെ സൗജന്യ ചികിത്സ കേരളം നൽകി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്കാണ് സൗജന്യ ചികിത്സ നൽകിയത്. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു. കേരളത്തിൽ മണിക്കൂറിൽ 180 ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നൽകുന്നതായും മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പാൽപ്പൊടി നിർമാണത്തിൽ ഇനി കേരളം സ്വയം പര്യാപ്തതയിലേക്ക്. മലപ്പുറം മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു. ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്‌ഷ്യം. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.
സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.
അന്താരാഷ്ട്ര ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചികിത്സയിലും ആയുർവേദ ഗവേഷണത്തിലും പുതിയ പാതകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഐ.ആർ.ഐ.എ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ മുൻനിര പ്രോജക്ടുകളിൽ ഒന്നാണ് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെയും സർവ്വകലാശാലകളുമായുള്ള ആശയവിനിമയത്തിൽ ആയുർവേദ രംഗത്ത് കേരളത്തിന്റെ സഹകരണം ആവശ്യപെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശ് കുനോ ദേശിയോദ്യാനത്തിലെ രണ്ടു ചീറ്റ കുഞ്ഞുങ്ങൾ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റയുടെ നാലു കുഞ്ഞുങ്ങളിൽ രണ്ടെണ്ണമാണ് ചത്തത്. ഇവയിൽ ഒരെണ്ണം നേരത്ത ചത്തിരുന്നു. അസുഖബാധിതനായ നാലാമത്തെ ചീറ്റക്കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുന്നതിനാല്‍ കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. നാലു കുഞ്ഞുങ്ങള്‍ക്കും ഭാരക്കുറവ്, നിര്‍ജലീകരണം, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം ചീറ്റക്കുഞ്ഞുങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും, അമ്മ ചീറ്റ നിരീക്ഷണത്തിലാണെന്നും നാഷണല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ 50 വർഷത്തിനിടെ ഇന്ത്യയിൽ മരിച്ചത് 1.3 ലക്ഷം പേരെന്ന് യുഎൻ ഏജൻസിയായ ലോക കാലാവസ്ഥ വകുപ്പ്. 1970 മുതൽ 2021 വരെയുണ്ടായ 573 പ്രകൃതിദുരന്തങ്ങളിലായി ഇന്ത്യയിലാകെ 1,38,377 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ലോകത്ത് , ദുരന്തങ്ങൾ ആകെയുണ്ടാക്കിയത് 4.3 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ്. 90% മരണങ്ങളും റിപ്പോർട്ട് ചെയ്തത് വികസ്വര രാജ്യങ്ങളിലാണ്. ഏഷ്യയിൽ 3,612 ദുരന്തങ്ങളിലായി 9.84 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക നഷ്ടം വലിയ തോതിൽ ഉണ്ടായെങ്കിലും മെച്ചപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ മൂലം മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായതായി യുഎൻ ഏജൻസി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന് ഇനി പുതിയ ലോഗോ. ചുവപ്പും വെള്ളയും നിറത്തിലുള്ള ലോഗോ ആരോഗ്യവകുപ്പ് പ്രസിദ്ധികരിച്ചു. നിറങ്ങളിലും രൂപങ്ങളിലും വ്യത്യാസമുള്ള പലതരം ലോഗോകൾ ഇനി ഉപയോഗിക്കാൻ പാടില്ലായെന്ന് ആരോഗ്യവകുപ്പിലെ ഓഫീസർമാർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post