നോക്കാം സുപ്രധാന ആരോഗ്യ വാർത്തകൾ,
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐ എം എ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ ചർച്ചയാവുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് സുൽഫി നൂഹ് ഒരുമാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. ഉടൻ തന്നെ കേരളത്തിൽ ഒരു ആരോഗ്യപ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടാം. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം. എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഡോക്ടർ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. കേരളത്തിൽ രോഗിയുടെയോ ബന്ധുക്കളുടെ ആക്രമത്തിനിരയായി ഒരു ഡോക്ടർ മരിക്കുമെന്ന കുറിപ്പാണ് ചർച്ചയാവുന്നത്.ഇത്തരത്തിൽ, കേരളത്തിൽ ഒരു ബോട്ടപകടം നടക്കുമെന്നും അതിൽ പത്തിലേറെപ്പേർ മരിക്കുമെന്നും അദ്ദേഹം കുറിപ്പെഴുതി ദിവസങ്ങൾക്കുശേഷമായിരുന്നു താനൂർ ബോട്ടപകടം സംഭവിച്ചത്.
കൊല്ലത്ത് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ എം എൽ എ ഗണേഷ്‌കുമാറിന്റെ മുൻ പരാമർശത്തിന് എതിരെ വീണ്ടും പ്രതിക്ഷേധം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശം ഏറെ വിവാദമായിരുന്നു. ഡോക്ടർമാർക്കെതിരെ ജനപ്രതിനിധികൾ ആഹ്വാനം ചെയ്യുന്ന ഇത്തരം അക്രമങ്ങൾ അന്വർത്ഥമായെന്ന് എം എൽ എയുടെ പേരെടുത്ത് പറയാതെ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ പ്രതികരിച്ചു. സംഭവത്തിൽ സംസ്ഥാന വ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
കോട്ടയത്ത് പൊതു ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത്.
മഴക്കാലപൂർവ ശുചീകരണത്തിന്റെയും ‘മാലിന്യ മുക്തം നവ കേരളം’ പദ്ധതിയുടെയും ഭാഗമായാണു നടപടി. നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും മാലിന്യങ്ങളാണ് നീക്കം ചെയ്യുക. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണു നീക്കം. പൊതു സ്ഥലങ്ങളിലെ മാലിന്യക്കൂനകൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുകയാണ് ആദ്യപടി. 10 ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാക്കാനാണു തീരുമാനം. വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിക്കുക. കുടുംബശ്രീ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും അണിചേരും. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർമാർ നേതൃത്വം നൽകും.
കൊല്ലം കൊട്ടാരക്കരയിൽ റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകൾക്ക് വിതരണം ചെയ്ത എഫ് സി ഐ ഗോഡൗണിലെത്തിയ മന്ത്രി
ഭക്ഷ്യധാന്യങ്ങള്‍ പരിശോധിക്കുകയും, പരാതിക്കിടയാക്കിയ സ്റ്റോക്ക് തിരിച്ചെടുക്കാനും നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍, തേവലപ്പുറം, ശാസ്താംകാവ്, പാറയില്‍മുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്ത പച്ചരിയിലാണ് പുഴുവിനെയും പ്രാണിയെയും കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി ജിആര്‍ അനിലിന്റെ നേരിട്ടുള്ള ഇടപെടല്‍. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത നാല് ദിവസം കൂടി മഴ തുടർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ‘മോക്ക’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ഇതിന്റെ ഭാഗമായാണ് വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തീരദേശത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ കോവിഡ് 19 അണുബാധയുടെ കേസുകൾ ട്രാക്ക് ചെയ്യുന്നതും കണക്കുകൾ പ്രസിദ്ധീകരിക്കുന്നതും നിർത്തി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അണുബാധയുടെ ഔദ്യോഗിക പ്രതിദിന കണക്കുകൾ അവതരിപ്പിക്കുന്നതിനു പകരം ഇനി മുതൽ വെബ്സൈറ്റ് മാർഗനിർദേശങ്ങൾ പോസ്റ്റ് ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ ആഗോള അടിയന്തരാവസ്ഥയുടെ അവസാനത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ തുടർന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.
കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post