ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്സിന്റെ വലതുകൈ ഒടിഞ്ഞു. രോഗിക്ക് മരുന്ന് നല്കുന്നതിനിടെയായിരുന്നു സംഭവം. മരുന്നടങ്ങിയ പത്രം വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത രോഗിയെ ബന്ധുക്കളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും രോഗി നഴ്സിന്റെ കൈപിടിച്ചു തിരിക്കുകയായിരുന്നു. കൈപ്പത്തിക്ക് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൈയിൽ പൊട്ടലുള്ളതായി കണ്ടെത്തി. സംഭവത്തിൽ നഴ്സ് ആശുപത്രി അധികൃതർക്കും പോലീസിലും പരാതിനൽകി.
കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഐഎംഎ, കെജിഎംഒഎ, , ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു, ലേബർ റൂം , അത്യാഹിത വിഭാഗം എന്നിവ പ്രവർത്തിക്കും. ഡോക്ടർമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‌സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് കെ.ജി.എം.ഒ.എ നടത്തുന്ന സമരത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിക്ഷേധ നടപടികൾ തുടരുമെന്ന് സംഘടനാ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതായും എമർജൻസി സേവനങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുന്നതായും കെ ജി എം ഒ എ അറിയിച്ചു.
1 ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.
2 CCTV ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.
3 അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക
4 അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.
5 പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
6 കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക.
7 അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക
എന്നിവയാണ് സംഘടനാ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങികഴിക്കുന്നത് ഇനി സാധ്യമല്ല. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനാണ് മരുന്നുകടയുടമകൾക്ക് കർശന നിർദ്ദേശം നൽകിയത്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സർക്കാർ പദ്ധതിയെ പിന്തുണച്ചാണ് ഈ നീക്കം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ അത് ഫലപ്രദമായിരുന്നില്ല. ജീവൻരക്ഷാമരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പരിഹരിക്കാൻ ആരോഗ്യവകുപ്പ് കെമിസ്റ്റുകളുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പന തടയുന്നത്.
ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ മിഷൻ. തൃക്കാക്കര നഗരസഭയിലാണ് രജിസ്റ്റർ ചെയ്തത്. ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആർ. കോഡ് ഓഫീസിൽ സ്ഥാപിച്ചു.ഓഫീസിലെ അജൈവ പാഴ്‌വസ്തുക്കളും യൂസർ ഫീസും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ. മനോജ് ഹരിതകർമസേനയ്ക്ക് കൈമാറി. ശുചിത്വ മിഷന്റെ ഓഫീസിൽ ഉണ്ടാവുന്ന ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കും.
ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവ്വേ. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ ഉള്‍പ്പെടുത്തി ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ എംപവര്‍ പദ്ധതിയാണ് സര്‍വേ നടത്തിയത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവുമധികം അപകട സാധ്യത ഇ-കൊമേഴ്സ് മേഖലയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. പുരുഷ ജീവനക്കാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് മോശം മാനസികാവസ്ഥ ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് മനഃശാസ്ത്ര സര്‍വേയിൽ കണ്ടെത്തി.
മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ഗവണ്‍മെന്‍റ് തലത്തിലും കോര്‍പ്പറേറ്റ് തലത്തിലും ഉണ്ടാകേണ്ടതാണെന്ന് എംപവറിന്‍റെയും ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെയും സ്ഥാപക അഭിപ്രായപ്പെട്ടു.
ബംഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post